ജയ്പൂർ: ബിജെപി ഭരണകൂടം ലൗ ജിഹാദ് നിയമ നിർമ്മാണം നടത്താനൊരുങ്ങുന്നതിനിടെ രൂക്ഷവുമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. രാജ്യത്തെ വിഭജിക്കാനും സാമുദായിക ഐക്യത്തെ തകർക്കാനും ബിജെപി രൂപം കൊടുത്ത പദമാണ് ലൗ ജിഹാദെന്ന് അശോക് ഗെഹ്‌ലോട്ട് ആരോപിച്ചു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സ്വന്തം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള പൗരൻമാരുടെ വ്യക്തി സ്വാതന്ത്ര്യത്തെയും ഭരണഘടന വ്യവസ്ഥകളെയും ബിജെപി ഭരണകൂടം ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങൾ ലൗ ജിഹാദിനെതിരേ നിയമനിർമാണത്തിലേക്ക് കടക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് ഗെഹ്‌ലോട്ടിന്റെ പ്രതികരണം.
ലൗ ജിഹാദ് എന്നതിന് നിയമത്തിൽ വ്യക്തമായ വ്യാഖ്യാനമില്ലെന്ന് നേരത്തെ കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയതാണ്. വിവാഹം എന്നത് ഒരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഇതിനെ തടസപ്പെടുത്താൻ നിയമം നിർമ്മിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഒരു കോടതിയിലും ഇത് നിലനിൽക്കില്ല. സ്‌നേഹത്തിൽ ജിഹാദിന് സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അതേസമയം, ആയിരക്കണക്കിന് യുവതികൾ ലൗ ജിഹാദിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് ഗെഹ്‌ലോട്ടിന് മറുപടി നൽകവെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് അവകാശപ്പെട്ടത്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമാണെങ്കിൽ, പെൺകുട്ടികൾക്ക് അവരുടെ മതം നിലനിർത്താനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post