ബംഗളൂരു: ബിജെപിയുടെ മാണ്ഡ്യയിൽ നിന്നുള്ള എംപിയും മുൻനടിയുമായ സുമലത അംബരീഷിനെ അവഹേളിച്ച ബിജെപി യുവനേതാവിന് പാർട്ടിയുടെ താക്കീത്. സുമലത ഒന്നിനും കൊള്ളാത്തവരാണെന്ന് പരാമർശിച്ച മൈസൂരു എംപി പ്രതാപ് സിംഹയെയാണ് ദേശീയ നേതൃത്വം താക്കീത് ചെയ്തത്. അതേസമയം, പ്രതാപിന്റെ വാക്കുകളിലൂടെ സുമലതയ്ക്ക് എതിരെ ബിജെപിക്ക് അകത്തുയരുന്ന എതിർപ്പാണ് വെളിവാക്കുന്നത്. മാണ്ഡ്യയിൽ സുമലത സ്വാധീനമുറപ്പിക്കുന്നതിൽ പ്രാദേശിക ബിജെപി നേതാക്കൾക്ക് കടുത്ത അമർഷമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ, സ്വന്തം കഴിവുകേട് മറയ്ക്കാനാണ് പ്രതാപ് സിംഹ സ്ത്രീകൾക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സുമലത പ്രതികരിച്ചു. എന്നാൽ സുമലതയുടെ പ്രതികരണത്തിലെ റൗഡി പ്രയോഗം ഭർത്താവ് അംബരീഷിന്റെ സിനിമയിലെ വില്ലൻ വേഷം ആലോചിച്ചപ്പോൾ ഓർമ്മയിൽ വന്നതായിരിക്കുമെന്ന് പ്രതാപ് സിംഹ തിരിച്ചടിക്കുകയും ചെയ്തു. ഇതോടെയാണ് ദേശീയ നേതൃത്വം ഇടപെട്ടത്.
സുമലതയുമായി ഉടൻ പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിക്കണമെന്ന് പ്രതാപ് സിംഹയ്ക്ക് ബിജെപി കർശന നിർദേശം നൽകി. ജെഡിഎസ് കോട്ടയായിരുന്ന മാണ്ഡ്യയിൽ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് സുമലത അട്ടിമറി വിജയം നേടിയത്. മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയായിരുന്നു സുമലത തോൽപിച്ചത്.
Discussion about this post