ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കൃത്യസമയത്ത് നടപടി സ്വീകരിക്കാതിരുന്നതിനെതിരെയാണ് കോടതി വിമര്‍ശിച്ചത്. ‘നിങ്ങള്‍ ഇപ്പോഴാണ് മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നിരിക്കുന്നത്. ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയ ശേഷവും ആമയെപ്പോലെയായിരുന്നു നിങ്ങള്‍ നീങ്ങിയത്.’ കോടതി തുറന്നടിച്ച് ചോദിച്ചു.
‘വിവാഹഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ എന്തിനാണ് പതിനെട്ട് ദിവസം കാത്തുനിന്നത്? ഈ സമയത്തിനുള്ളില്‍ എത്ര പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്?’ കോടതി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിന് പിന്നാലെയാണ് വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
200ല്‍ നിന്നും 50 ആയി കുറക്കുകയായിരുന്നു. ഈ നടപടി സ്വീകരിക്കാന്‍ വൈകിയതിനെയാണ് കോടതി ചോദ്യം ചെയ്തത്. മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും ഈടാക്കുന്ന പിഴ ഇത്തരം നടപടികള്‍ നിയന്ത്രിക്കാന്‍ തക്ക ശക്തമായതല്ലെന്നും കോടതി നിരീക്ഷിച്ചു. പല ജില്ലകളിലും വ്യത്യസ്തമായ രീതിയിലാണ് ഈ നിയന്ത്രണങ്ങളും പിഴയുമെന്നും കോടതി ചൂണ്ടിക്കാട്ടി. 7,468 പേര്‍ക്കാണ് ബുധനാഴ്ച ദല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post