മുംബൈ: ഉള്ളി വില കുത്തനെ കുറയുന്നതിനിടെ മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത്. ഇത്തരത്തില്‍ 2657 കിലോ ഉള്ളി വിറ്റിട്ട് മിച്ചം കിട്ടിയ 6 രൂപ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് അയച്ചുകൊടുത്തിരിക്കുകയാണ് അഹമ്മദ് നഗറിലെ കര്‍ഷകനായ ശ്രേയസ് അഭാലെ.
കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ 2657 കിലോ ഉള്ളി വിറ്റ തനിക്ക് ചിലവുകളെല്ലാം കഴിഞ്ഞപ്പോള്‍ 6 രൂപ മാത്രമാണ് ബാക്കിയായതെന്ന് ശ്രേയസ് പറഞ്ഞു.
”ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 2657 കിലോ ഉള്ളി വിറ്റപ്പോള്‍ 2916 രൂപ കിട്ടി. ഇതില്‍ നിന്ന് ലേബര്‍ ചാര്‍ജും വാഹന ചാര്‍ജും കൂടി ചേര്‍ന്ന് 2910 രൂപയായി. ബാക്കി കിട്ടിയത് 6 രൂപ മാത്രം” അഭാലെ പറഞ്ഞു.
രണ്ടു ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഉള്ളിക്കൃഷി നടത്തിയതെന്നും ഇതിനായി കടമെടുത്ത പണം എങ്ങനെ തിരിച്ചടിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നാസിക്കിലെയും അഹമ്മദ് നഗറിലെയും കര്‍ഷകരെയാണ് ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്. നേരത്തെ നാസിക്കില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ തനിക്ക് കിട്ടിയ പണം പ്രധാനമന്ത്രി മോഡിക്ക് അയച്ച് പ്രതിഷേധിച്ചിരുന്നു.