ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ബലാത്സംഗത്തിനിരയായ പട്ടിക ജാതി പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടുകാര്‍ തീ കൊളുത്തി കൊലപ്പെടുത്തി. പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തിനും പ്രതിയുടെ വീട്ടുകാരുടെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ കുടുംബത്തിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പ്രതിയുടെ കുടുംബവുമായി ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയുടെ വീട്ടുകാര്‍ തീ കൊളുത്തി കൊലപ്പെടുത്തിയത്. പിന്നാലെ ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. ഭീഷണി ഉണ്ടെന്നും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു.
കുടുംബത്തിന്റെ ആവശ്യപ്രകാരം സുരക്ഷ നല്‍കിയെന്ന് ബുലന്ദ്ഷഹര്‍ ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാര്‍ അറിയിച്ചു. സംഭവത്തില്‍ ഏഴ് പ്രതികളാണുള്ളതെന്നും അഞ്ചുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. പ്രതിയുടെ ബന്ധുക്കളാണ് അറസ്റ്റിലായത്. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് അടിയന്തര സഹായമായി 3.75 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. സാരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഓഗസ്റ്റ് 15നാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.
Discussion about this post