മറയൂര്‍: രാജ്യത്തെ ഞെട്ടിച്ചതും ഏറെ പ്രകോപനം സൃഷ്ടിച്ചതുമായ ദുരഭിമാന കൊലപാതകമാണ് തമിഴ്നാട്ടിലെ ഉടുമലൈയിലെ ശങ്കറിന്റേത്. രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദുരഭിമാന കൊലപാതകമാണ് ശങ്കറിന്റെ കൊലപാതകം. നാളുകള്‍ക്കിപ്പുറം ശങ്കറിന്റെ ഭാര്യ കൗസല്യ വീണ്ടും വിവാഹതിയായി. നിമിര്‍വ് കലൈയകം എന്ന കലാ സംഘടനയുടെ ഓര്‍ഗനൈസറായ കോയമ്പത്തൂര്‍ സ്വദേശി ശക്തിയാണ്(പറൈശക്തി)വരന്. കൗസല്യ ശക്തിയുടെ സ്ഥാപനത്തില്‍ നാടന്‍ കലാരൂപങ്ങള്‍ പഠിച്ചുവരുകയായിരുന്നു.
കൗസല്യയുടെ മാതാപിതാക്കളടക്കമുള്ള ബന്ധുക്കളുടെയും ക്വട്ടേഷന്‍ സംഘത്തിന്റെയും നേതൃത്വത്തില്‍ 2016 മാര്‍ച്ച് 13-ന് ഉടുമലൈ ടൗണില്‍വെച്ച് ഉടുമലൈ കുമരലിംഗം സ്വദേശി ശങ്കറി (22)നെ ദാരുണമായി വെട്ടിക്കൊല്ലുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ കൗസല്യ (19)യെ വെട്ടി പരിക്കേല്‍പ്പിച്ചെങ്കിലും ഇവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പ്രത്യേക കോടതിയില്‍ നടന്ന വിചാരണയില്‍ കൗസല്യയുടെ അച്ഛന് ചിന്നത്തമ്പി അടക്കം ആറുപേര്‍ക്ക് വധശിക്ഷയും നല്കി.
ഉയര്‍ന്ന ജാതിയില്‍പ്പെട്ട കൗസല്യ താഴ്ന്ന ജാതിയില്‍പ്പെട്ട ശങ്കറിനെ വിവാഹം കഴിച്ചതാണ് ക്രൂര കൊലപതാകത്തിന് കാരണമായത്. ഭര്‍ത്താവിന്റെ മരണശേഷം കൗസല്യ നിമിര്‍വ് കലൈയകം എന്ന ട്രസ്റ്റ് നടത്തിവരുകയായിരുന്നു. ജാതിയുടെ പേരില്‍ നടക്കുന്ന വിവേചനങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ച് സംസ്ഥാനത്തിലുടനീളം സഞ്ചരിച്ച് പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
കോയമ്പത്തൂര്‍ ഗാന്ധിപുരം പെരിയാര്‍ ദ്രാവിഡ കഴകം ഹാളില്‍വെച്ചാണ് ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഞായറാഴ്ച രാവിലെ 11-ന് വിവാഹിതരായത്. കൊളത്തൂര്‍ മണി, കെ.രാമകൃഷ്ണന്, എവിഡന്‍സ് കതിര്, വന്നി അരശ് എന്നീ സംഘടനാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.
Discussion about this post