ന്യൂഡല്‍ഹി: കപില്‍ സിബലിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. കപില്‍ സിബല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ
മുന്നോട്ട് പോക്കില്‍ ഏറെ ആശങ്ക പ്രകടിപ്പിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോലും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ഒന്നും ചെയ്യാതെ വെറുതെ അഭിപ്രായപ്രകടനം മാത്രം നടത്തിയിട്ട് എന്തുകാര്യം എന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘കപില്‍ സിബല്‍ പാര്‍ട്ടിയുടെ മുന്നോട്ട് പോക്കില്‍ ഏറെ ആശങ്ക പ്രകടിപ്പിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹത്തെ ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലൊന്നും പ്രചാരണ രംഗത്ത് പോലും കണ്ടില്ലല്ലോ. ഏതെങ്കിലും സംസ്ഥാനത്ത് പ്രചാരണത്തിന് അദ്ദേഹം പോയിരുന്നുവെങ്കില്‍ അദ്ദേഹം പറയുന്നകാര്യങ്ങള്‍ക്ക് അര്‍ത്ഥമുണ്ടായേനെ’ എന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്.
കപില്‍ സിബലിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും രംഗത്ത് എത്തിയിരുന്നു. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും രാജ്യത്താകമാനമുള്ള പാര്‍ട്ടി പ്രവര്‍ത്തരുടെ വികാരത്തെയാണ് ഇത് വേദനിപ്പിച്ചതെന്നുമാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചത്. പാര്‍ട്ടിയുടെ തളര്‍ച്ച തിരിച്ചറിയണമെന്നും അനുഭവ സമ്പത്തുള്ള മനസ്സുകളും കൈകളും രാഷ്ട്രീയ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നുമായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.