ജോ ബൈഡനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സംസാരിച്ചുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇത് ആദ്യമായാണ് ഇരുവരും തമ്മില്‍ ആശയവിനിമയം നടത്തുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ബൈഡനെ അഭിനന്ദിച്ചതായും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സംസാരിച്ചതായും പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി.

‘അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി ടെലിഫോണില്‍ സംസാരിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യ-യുഎസ് നയതന്ത്ര പങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്തു. കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള താല്‍പര്യവും മുന്‍ഗണനകളും ചര്‍ച്ചചെയ്തു’ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.


അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനെയും പ്രധാമന്ത്രി അഭിനന്ദിച്ചു. ‘കമല ഹാരിസിന്റെ വിജയം അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് വലിയ അഭിമാനവും പ്രചോദനവും നല്‍കുന്നതാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധന്ധം ശക്തമാക്കുന്നതിന് കമലാ ഹാരിസിന്റെ വിജയം ഇടയാക്കും’ എന്നാണ് പ്രധാനമന്ത്രി മറ്റൊരു ട്വീറ്റില്‍ കുറിച്ചത്.

Exit mobile version