വടിവാളുമായി ലൈവിലെത്തി ഷാക്കിബ് അല്‍ ഹസനെതിരെ വധഭീഷണി; മാപ്പപേക്ഷ വിലപ്പോയില്ല, യുവാവ് അറസ്റ്റില്‍

മുംബൈ: ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് നേരെ വധഭീഷണി ഉയര്‍ത്തിയ യുവാവ് അറസ്റ്റില്‍. വീഡിയോ വൈറലായതിന് പിന്നാലെയാണ് യുവാവ് അറസ്റ്റിലായത്. സില്‍ഹെറ്റില്‍ താമസിക്കുന്ന മൊഹ്‌സിന്‍ താലൂക്ദര്‍ എന്നയാളാണ് പിടിയിലായത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇയാള്‍ ഷാക്കിബിനെ കൊല്ലുമെന്ന ഭീഷണി മുഴക്കിയത്. സംഭവം വിവാദമായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു. പക്ഷേ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഇയാള്‍ ഫേസ്ബുക്ക് ലൈവിലെത്തിയത്. വടിവാള്‍ പിടിച്ച് ആക്രോശിച്ചു കൊണ്ടായിരുന്നു ഇയാളുടെ ഭീഷണി. അതേ സമയം, യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് മൊഹ്‌സിന്റെ സഹോദരന്‍ മാസും താലുക്ദര്‍ പറഞ്ഞു. അയാള്‍ക്കു വേണ്ടി ഷാക്കിബിനോടും മറ്റുള്ളവരോടും തങ്ങള്‍ മാപ്പ് ചോദിക്കുന്നു എന്നും ഇയാള്‍ പറഞ്ഞു.

വധഭീഷണി ഇങ്ങനെ;

ഷാക്കിബ് മുസ്ലിം സമുദായത്തെ അപമാനിച്ചു എന്ന് ഇയാള്‍ ആരോപിച്ചു. ഷാക്കിബിന്റെ സമീപനങ്ങള്‍ മുസ്ലീം സമുദായത്തെ ആകെ വേദനിപ്പിക്കുന്നതാണ്. കുറച്ച് കാലം മുന്‍പ് ഷാക്കിബ് ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചത് തന്നെ സന്തോഷിപ്പിച്ചിരുന്നു.

എന്നാല്‍, പിന്നീട് ഇന്ത്യയിലേക്ക് പോയി ഷാക്കിബ് ഒരു കാളീപൂജ ഉദ്ഘാടനം ചെയ്തു. ഇത് മുസ്ലിങ്ങളെ വേദനിപ്പിച്ചു. ഷാക്കിബിനെ കൈയില്‍ കിട്ടിയാല്‍ കത്തി കൊണ്ടു തുണ്ടം തുണ്ടമാക്കി വെട്ടും. കൊല്ലാന്‍ അവസരം കിട്ടിയാല്‍ സില്‍ഹെറ്റില്‍ നിന്ന് നടന്നിട്ടാണെങ്കില്‍ പോലും ധാക്കയിലെത്തി താന്‍ കൃത്യം നിര്‍വഹിക്കും.

Exit mobile version