ന്യൂഡൽഹി: സ്‌നേഹത്തിന് എതിരെയല്ല നിമയനിർമ്മാണം നടത്തേണ്ടത് വെറുപ്പിന് എതിരെയാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ലവ് ജിഹാദിനെതിരെ നിയമം നിർമ്മിക്കുന്ന മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്.
വെറുപ്പിനെതിരെയാണ് നിയമം നിർമിക്കേണ്ടത്, സ്‌നേഹത്തിനെതിരെയല്ലെന്ന് ആരാണ് ഹിന്ദുത്വവാദികളോട് ഒന്ന് പറയുകയെന്ന് തരൂർ ട്വീറ്റിലൂടെ ചോദിക്കുന്നു. ലവ് ജിഹാദിനെതിരെ നിയമം പാസാക്കുമെന്നും അഞ്ച് വർഷം ജയിൽ ശിക്ഷ ഉറപ്പാക്കുമെന്നുമുള്ള മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ ട്വീറ്റ്.
ലവ് ജിഹാദിനെ നേരിടാൻ ഉടൻ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രസ്താവന നടത്തിയിരുന്നു. ലവ് ജിഹാദിനെ നേരിടാനുള്ള നിയമനിർമ്മാണത്തിനായി അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അഞ്ചുവർഷം വരെ കഠിനതടവ് ഉറപ്പാക്കുമെന്നും മിശ്ര പറഞ്ഞിരുന്നു.
ഇതുപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചേർത്താകും കേസെടുക്കുക. പ്രധാന പ്രതിക്ക് പുറമെ സഹായികളെയും കുറ്റവാളികളായി കണക്കാക്കും. വിവാഹത്തിനായി മതപരിവർത്തനം ചെയ്യപ്പെടുന്നതിന് ഒരുമാസം മുമ്പ് കളക്ടർക്ക് നിർബന്ധമായും അപേക്ഷ നൽകണമെന്നും മിശ്ര കൂട്ടിച്ചേർത്തിരുന്നു.