മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജെയ്‌സിങ്‌റാവു ഗെയ്ക്വാദ് പാട്ടീല്‍ ബിജെപി വിട്ടു. മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടിലിന് ചൊവ്വാഴ്ച രാവിലെ ജെയ്‌സിങ്‌റാവു രാജിക്കത്ത് അയച്ചു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കിലും, പാര്‍ട്ടി അതിനുളള അവസരം എനിക്ക് നല്‍കുന്നില്ലെന്നും അതുകൊണ്ടാണ് രാജിയെന്നും ജെയ്‌സിങ് റാവു വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് പറഞ്ഞു. പത്ത് വര്‍ഷത്തോളമായി പാര്‍ട്ടിനേതൃത്വം തന്നെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘എംഎല്‍എയോ എംപിയോ ആകാന്‍ താല്‍പര്യമില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. 10 വര്‍ഷമായി അത്തരത്തിലൊരു ഉത്തരവാദിത്വം നല്‍കാനാണ് ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി അവസരം നല്‍കിയില്ല. സംസ്ഥാനത്ത് പാര്‍ട്ടിയെ വളര്‍ത്താന്‍ പ്രയത്‌നിച്ചവരെ പാര്‍ട്ടിക്ക് ആവശ്യമില്ല എന്നും ജെയ്‌സിങ് പറഞ്ഞു.
ഏക്‌നാഥ് ഖഡ്‌സെക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി ബിജെപി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ബിജെപി നേതൃത്വത്തില്‍ നിന്ന് വലിയ തരത്തിലുള്ള അനീതി നേരിടുകയാണെന്നും ഈ സാഹചര്യത്തിലാണ് രാജിവയ്ക്കുന്നത് എന്ന് ഏക്‌നാഥ് ഖഡ്‌സെ രാജിവച്ച് പറഞ്ഞിരുന്നു. സംസ്ഥാന നേതൃത്വത്തിലെ ശക്തരായ രണ്ട് നേതാക്കള്‍ പാര്‍ട്ടി വിട്ടത് ബിജെപിക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതേ സമയം ഗെയ്ക്വാദ് പാട്ടീലിന്റെ രാജിയില് പ്രതികരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ തയ്യാറായില്ല.
Discussion about this post