ലക്നൗ: ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും രാജ്യമാകെ ഗോഹത്യ നിരോധിക്കണമെന്നും പ്രധാനമന്ത്രിയോട് അപേക്ഷിക്കുന്നതായി ചന്ദ്രശേഖര്‍ പരിഹാസരൂപേണ പറഞ്ഞു.
ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ പോലും എന്തിനാണ് ഇപ്പോഴും ഗോഹത്യ നിയമവിധേയമാക്കിയിരിക്കുന്നത്? ആള്‍ക്കൂട്ട ആക്രമങ്ങളില്‍ മക്കളെ നഷ്ടപ്പെടുന്നതിന്റെ ദുഃഖവും വേദനയും മോഡിക്കു മനസ്സിലാകില്ല. കാരണം അദ്ദേഹത്തിനു സ്വന്തമായി കുട്ടികളില്ല. മന്ത്രിസഭയിലെ ഭുരിപക്ഷം പേരും ഇങ്ങനെയുള്ളവരാണ്. അതുകൊണ്ട് ഉറ്റവരെ നഷ്ടപ്പെടുന്നതിന്റെ വേദന അവര്‍ക്കു മനസ്സിലാകണമെന്നില്ല ചന്ദ്രശേഖര്‍ പറഞ്ഞു.
വിവിധ ‘ഭീകര സംഘടനകള്‍’ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്എസ്, വിഎച്ച്പി, ബജ്റങ്ദള്‍ സംഘടനകളെ ലക്ഷ്യമിട്ടു ചന്ദ്രശേഖര്‍ പറഞ്ഞു. അംബേദ്കര്‍ 1956ല്‍ ഇത്തരത്തിലുള്ള സംഘടനകളെ നിരോധിച്ചതാണ്. എന്നാല്‍ പിന്നീട് അതു പിന്‍വലിച്ചു. പട്ടിക ജാതി വിഭാഗത്തില്‍നിന്നുള്ള ആളുകളെ ബിജെപി അവഗണിക്കുകയാണ്. സംവരണത്തിനെതിരെയാണ് അവരുടെ നിലപാട്. താഴെക്കിടയില്‍ നിന്ന് ആരും ഉയര്‍ന്നു വരാതിരിക്കുന്നതിനായി അവര്‍ക്കുള്ള വിദ്യാഭ്യാസ ബജറ്റ് സര്‍ക്കാര്‍ കുറയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ദലിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണു ഭീം ആര്‍മി. ‘അംബേദ്കര്‍ ആര്‍മി’യെന്നും വിശേഷണമുണ്ട്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുനടന്ന സംഘര്‍ഷത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ 2 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post