ചെന്നൈ: തമിഴ് സിനിമകളിൽ കോമഡി, നെഗറ്റീവ് കഥാപാത്രറോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ തവസി കാൻസർ ബാധിതനായി ആശുപത്രിയിൽ ദുരിതത്തിൽ. കാൻസർ ആരോഗ്യത്തെ കാർന്നു തിന്നതോടെ കണ്ടാൽ തിരിച്ചറിയാൻ പോലുമാകാത്ത തരത്തിൽ ദയനീയാവസ്ഥയിലാണ് തവസി. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നടൻ സഹായമഭ്യർത്ഥിച്ച് വീഡിയോയിലൂടെ രംഗത്തെത്തിയതോടെയാണ് അദ്ദേഹത്തിന്റെ അവസ്ഥ പുറംലോകമറിഞ്ഞത്.
’30 വർഷത്തോളമായി സിനിമാരംഗത്തുണ്ട്. തനിക്കു ഈ രോഗം വരുമെന്നു ഒരിക്കലും കരുതിയില്ല. ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ശരിയായി സംസാരിക്കാൻ പറ്റുന്നില്ല. സഹപ്രവർത്തകരും സൻമനസുള്ളവരും കഴിയും വിധം സഹായിക്കണം. അഭിനയത്തിലേക്കു തിരിച്ചു വരാൻ സഹായിക്കണം’ വീഡിയോയിൽ തവസി അഭ്യർത്ഥിക്കുന്നു. തവസിയുടെ വിഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ സംഭവം ചർച്ചയായിരുന്നു.
പിന്നാലെ, നടന് സഹായവുമായി ഡിഎംകെ എംഎൽഎ ശരവണൻ ആശുപത്രിയിൽ എത്തി. മാധ്യമവാർത്തകളിലൂടെ വിവരം അറിഞ്ഞ എംഎൽഎ ഉടൻ ആശുപത്രിയിലെത്തി വേണ്ട സഹായങ്ങൾ ലഭ്യമാക്കുകയായിരുന്നു. നടന്റെ ചികിത്സ ഏറ്റെടുക്കുകയും ചെയ്തു.
ശിവകാർത്തിയേകന്റെ വരുത്തപെടാത്ത വാലിബർ സംഘം, അഴകർ സാമിയിൻ കുതിരെ എന്നിവയിലൂടെയാണ് തവസി പ്രശസ്തനായത്. 2019 ൽ തവസിക്കു വാഹനാപകടത്തിൽ പരുക്കുമേറ്റിരുന്നു.