രജനീകാന്തിനെ ബിജെപിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് അമിത് ഷാ; ശനിയാഴ്ച കൂടിക്കാഴ്ച നടത്തും

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതിന്റെ ഭാഗമായി ശനിയാഴ്ച ചെന്നൈയില്‍ രജനീകാന്തുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തും. അത്തരത്തില്‍ കൂടിക്കാഴ്ച നടന്നാല്‍ തമിഴ്നാട്ടില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ നടക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബിജെപി സംസ്ഥാനാധ്യക്ഷന്‍ മുരുകന്റെ നേതൃത്വത്തില്‍ നടക്കുന്ന വേല്‍ യാത്ര അവസാനിക്കുന്ന ഡിസംബര്‍ ആറിന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ രജനീകാന്തിന്റെ ബിജെപി പ്രവേശനം സാധ്യമാക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. ദ്രാവിഡ രാഷ്ട്രീയ ഭൂമിയില്‍ താമര വിരിക്കാന്‍ വേലെടുത്തിരിക്കുന്ന ബിജെപി അതിന്റെ അമരത്ത് നില്‍ക്കാനാണ് രജനീകാന്തിനെ പരിഗണിക്കുന്നത്.

ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി വഴി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണുന്നുവെന്നതിന്റെ സൂചന കൂടിയാണ് ശനിയാഴ്ചത്തെ അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം. തമിഴ്‌നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകളായിട്ടാണ് ശനിയാഴ്ച അമിത് ഷാ ചെന്നൈയില്‍ എത്തുന്നത്. രജനീകാന്ത് ബിജെപിയില്‍ ചേക്കേറിയാല്‍ അത് ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്ക് പുറത്തേയ്ക്ക് സ്വാധീനം വര്‍ധിപ്പിക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്ക് സുപ്രധാനമാകും.

Exit mobile version