ഗുവാഹത്തി: വ്യാജസിദ്ധന്റെ വാക്ക് വിശ്വസിച്ച് നിധി കണ്ടെത്തുന്നതിനായി സ്വന്തം മക്കളെ ബലി നൽകാൻ ശ്രമിച്ച രണ്ടുപേരെ ആസാം പോലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങളായ രണ്ടുപേർനരബലി നടത്താൻ നീക്കം നടക്കുന്നുവെന്ന് സംശയിക്കുന്നതായി പ്രദേശവാസികളാണ് പോലീസിനെ അറിയിച്ചത്.
ഇതോടെ, പരാതി രേഖാമൂലം ലഭിച്ചില്ലെങ്കിലും സ്വന്തം നിലയിൽ അന്വേഷണം നടത്തിയ പോലീസ് രണ്ടുപേരെ പിടികൂടുകയായിരുന്നു. സഹോദരങ്ങളായ രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയും ഇവരുടെ ആറ് മക്കളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു.
ആസാമിലെ ശിവസാഗർ ജില്ലയിലെ ദിമൗമുഖ് ഗ്രാമത്തിലാണ് സംഭവം. ഇവിടെയുള്ള ജാമിയുർ ഹുസൈൻ, ഷരീഫുൾ ഹുസൈൻ എന്നിവർ ഒരു വ്യാജ സിദ്ധന്റെ വാക്ക് വിശ്വസിച്ചാണ് സ്വന്തം മക്കളെ ബലി നൽകാൻ ഒരുങ്ങിയത്. സ്വന്തം മക്കളെ ബലി നൽകിയാൽ ഇവരുടെ വീട്ടിന് സമീപം മാവിൻചുവട്ടിൽ ഒളിഞ്ഞിരിക്കുന്ന സ്വർണ്ണം കണ്ടെത്താൻ കഴിയുമെന്ന് വ്യാജ സിദ്ധൻ ഇവരോട് പറഞ്ഞുവെന്ന് പോലീസ് പറയുന്നു.
എന്നാൽ നാട്ടുകാരുടെയും പോലീസിന്റെയും ആരോപണങ്ങൾ കുടുംബം നിഷേധിച്ചു. കുട്ടികളുടെ ആരോഗ്യം മോശമായ സാഹചര്യത്തിലാണ് സിദ്ധന്റെ ഉപദേശം തേടിയതെന്ന് അവർ പറയുന്നു.
നേരത്തെ, സിദ്ധന്റെ വാക്കുകേട്ട് കുട്ടികളെ കുടുംബാംഗങ്ങൾ തടവിലാക്കിയെന്ന സംശയം ഉയർന്നതോടെയാണ് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ആരും പരാതി നൽകിയിട്ടില്ലാത്തിനാൽ സ്വന്തം നിലയിലാണ് അന്വേഷണം നടത്തുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
Discussion about this post