ന്യൂഡല്‍ഹി: ഹാഥ്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുഎപിഎ ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇത്തര്‍പ്രദേശ് സര്‍ക്കാരിനും പോലീസിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും, യുപി സര്‍ക്കാരിനും പോലീസിനും എന്താണ് പറയാനുള്ളതെന്ന് കേട്ടിട്ട് തീരുമാനമെടുക്കാമെന്നുമാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പെരിഗണിക്കും
സിദ്ദിഖ് കാപ്പന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. എന്തുകൊണ്ട് ഹര്‍ജിക്കാര്‍ ജാമ്യഹര്‍ജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാല്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും, അഭിഭാഷകന് സിദ്ദിഖിനെ കാണാന്‍ പോലും അനുമതി ലഭിക്കുന്നില്ലെന്നും കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. സിദ്ദിഖ് കാപ്പനെ കാണാതെ ജാമ്യഹര്‍ജി നല്‍കുന്നതെങ്ങനെയെന്നും കപില്‍ സിബല്‍ ചോദിച്ചു. തുടര്‍ന്ന് സിദ്ദിഖ് കാപ്പന്‍ നിലവില്‍ ഏത് ജയിലിലാണുള്ളതെന്ന് കോടതി ചോദിച്ചു. മഥുര ജയിലിലാണുള്ളതെന്ന് സിബല്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പോലീസിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
സിദ്ദിഖ് കാപ്പനെ കാണാന്‍ കെയുഡബ്ള്യുജെ പ്രതിനിധികളെ അനുവദിക്കുക, അഭിഭാഷകന് കാണാന്‍ അനുമതി നല്‍കുക, കുടുംബത്തെ കാണാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സുപ്രീംകോടതിയില്‍ യൂണിയന്‍ ഉന്നയിച്ചിട്ടുണ്ട്. ഹാഥ്റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് സിദ്ദിഖ് കാപ്പനെ കഴിഞ്ഞ മാസം അഞ്ചിനാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.