ന്യൂഡല്‍ഹി: ഹാഥ്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുഎപിഎ ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.
ഉത്തര്‍പ്രദേശില്‍ ജാമ്യാപേക്ഷ നല്‍കാനുള്ള സാഹചര്യമില്ല. അതിനാല്‍ ജാമ്യം നല്‍കാന്‍ സുപ്രീംകോടതി തന്നെ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സിദ്ദിഖ് കാപ്പനെ കാണാന്‍ കെയുഡബ്‌ള്യുജെ പ്രതിനിധികളെ അനുവദിക്കുക, അഭിഭാഷകന് കാണാന്‍ അനുമതി നല്‍കുക, കുടുംബത്തെ കാണാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സുപ്രീംകോടതിയില്‍ യൂണിയന്‍ ഉന്നയിച്ചിട്ടുണ്ട്.
സിദ്ദിഖ് കാപ്പന്റെ സുരക്ഷയില്‍ ആശങ്കയുളവാക്കുന്ന സാഹചര്യമാണ് നിലവില്‍ ജയിലിലുള്ളതെന്നും ഹര്‍ജിയില്‍ വാദമുണ്ട്. യുപിയില്‍ അവകാശങ്ങളെല്ലാം ഹനിക്കപ്പെടുകയാണെന്നും അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഹാഥ്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് സിദ്ദിഖ് കാപ്പനെ കഴിഞ്ഞ മാസം അഞ്ചിനാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.