മുംബൈ: മഹാരാഷ്ട്രയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ആരാധനാലയങ്ങൾ വീണ്ടും തുറക്കാൻ തീരുമാനമായി. അതേസമയം, മഹാരാഷ്ട്ര സർക്കാരിന്റെ ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു.
ആരാധനാലയങ്ങൾ വീണ്ടും തുറന്നതിന് ആർക്കും ക്രെഡിറ്റ് എടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ക്ഡൗൺ കാലയളവിൽ മാർച്ചിലാണ് ആരാധനാലയങ്ങൾ അടച്ചിട്ടത്.
പിന്നീട് അൺലോക്ക് പ്രക്രിയ ആരംഭിച്ചതോടെ ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ സംസ്ഥാനത്തൊട്ടാകെ സമരവും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. എന്നിട്ടും വഴങ്ങാതിരുന്ന മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഒടുവിൽ, ഈ തിങ്കളാഴ്ച മുതൽ ആരാധനാലയങ്ങൾ വീണ്ടും തുറക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ആരാധനാലയങ്ങൾ തുറക്കുക. ആരാധനാലയങ്ങൾ തുറക്കാത്തതിനെ ബിജെപിയോടൊപ്പം ഗവർണർ ഭഗത് സിങ് കോഷിയാരിയും വിമർശിച്ചിരുന്നു. അതേസമയം, ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും ഗവർണർ പറഞ്ഞു.
Discussion about this post