പാട്ന: ബിഹാറിൽ മുഖ്യമന്ത്രിയായി നിതീഷ് കുമാർ തന്നെ തുടർന്നേക്കുമെന്ന സൂചനകൾക്കിടെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. ബിജെപി നേതാവ് തർകിഷോർ പ്രസാദ് ബിഹാർ ഉപമുഖ്യമന്ത്രി ആയേക്കുമെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്യുന്നു. നിലവിലെ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി കേന്ദ്രമന്ത്രിയാകുമെന്നും റിപ്പോർട്ടിലുണ്ട്.
ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് കത്തിഹാറിൽനിന്നുള്ള എംഎൽഎ ആയ തർകിഷോർ പ്രസാദിനെ നിയമസഭാകക്ഷി നേതാവായി ബിജെപി തെരഞ്ഞെടുത്തത്. എൻഡിഎ പാർലമെന്ററി കക്ഷി നേതാവായി നേരത്തെ നിതീഷ് കുമാറിനെ തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ എതിരില്ലാതെ തർകിഷോർ പ്രസാദിനെ ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു.
തനിക്ക് നാൽപ്പത് വർഷത്തെ രാഷ്ട്രീയ ജീവിതം സമ്മാനിച്ചത് ബിജെപിയും സംഘ പരിവാറുമാണെന്നും പാർട്ടി എന്ത് ഉത്തരവാദിത്വം ഏൽപ്പിച്ചാലും അത് നിറവേറ്റുമെന്നും തർകിഷോർ ട്വീറ്റ് ചെയ്തു. നിയമസഭാകക്ഷി ഉപനേതാവായി തെരഞ്ഞെടുത്ത രേണു ദേവിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, നിതീഷ്കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി ആയിരുന്ന സുശീൽ കുമാർ മോദി ആയിരുന്നു ഇതുവരെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവ്. ഇദ്ദേഹത്തിന് കേന്ദ്രമന്ത്രി സ്ഥാനം നൽകി പ്രമോഷൻ നൽകാനാണ് ബിജെപിയിൽ ധാരണയായിരിക്കുന്നത് എന്നാണ് സൂചന.
Discussion about this post