തുടർച്ചയായ നാലാം തവണയും നിതീഷിന് തന്നെ മുഖ്യമന്ത്രി കസേര; എൻഡിഎ യോഗത്തിൽ തീരുമാനം

ന്യൂഡൽഹി: ബാഹാറിനെ തുടർച്ചയായ നാലാം തവണയും ജെഡിയു നേതാവ് നിതിഷ് കുമാർ ഭരിക്കും. നിതീഷ് കുമാറിനെ ബിഹാർ മുഖ്യമന്ത്രിയാക്കാൻ ഇന്ന് പട്‌നയിൽ ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. നിതീഷ് കുമാറിനെ നേതാവായി തെരഞ്ഞെടുത്തത് രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ ബിജെപി നേതാക്കൾ പങ്കെടുത്ത യോഗത്തിലായിരുന്നു.

ബിഹാറിൽ എൻഡിഎ സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് നിതീഷ് കുമാർ ഇന്ന് ഗവർണറെ കാണും. ബിജെപി നേതാവ് സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. ദളിത് നേതാവും അയോധ്യയിലെ രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അംഗവുമായ കമലേശ്വർ ചൗപാലിന്റെ പേരും ഉപമുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി നേരത്തെ പരിഗണിച്ചിരുന്നു.

ബിഹാറിലെ 243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ 125 സീറ്റുകൾ നേടിയാണ് അധികാരം നിലനിർത്തിയത്. ഘടകകക്ഷികളായ ബിജെപിക്ക് 74, ജെഡിയു 43, ഹിന്ദുസ്ഥാനി അവാമി മോർച്ച-4, വിഐപി-4 എന്നിങ്ങനെയാണ് പാർട്ടികളുടെ സീറ്റ് നില.

Exit mobile version