ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായിരിക്കുകയാണ്. ഹരിത ട്രൈബ്യൂണലിന്റേത് അടക്കം പടക്ക നിരോധനം ഉണ്ടായിരുന്നിട്ടും വിലക്ക് ലംഘിച്ച് ഡല്‍ഹിയില്‍ ദീപാവലി ആഘോഷിച്ചതാണ് വായുമലിനീകരണം രൂക്ഷമാവന്‍ പ്രധാന കാരണം.
അന്തരീക്ഷ മലിനീകരണം, കൊവിഡ് വ്യാപനം എന്നിവയെ തുടര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നവംബര്‍ 30 വരെ ഡല്‍ഹി എന്‍സിആര്‍ പരിധിയില്‍ പടക്കങ്ങള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിലക്ക് ലംഘിച്ച് ഗരത്തിലെ പലയിടങ്ങളിലും പടക്കം പൊട്ടിച്ചാണ് ജനങ്ങള്‍ ദീപാവലി ആഘോഷിച്ചത്.
ഒറ്റ രാത്രി കൊണ്ട് ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 339 ല്‍ നിന്ന് 400 ന് മുകളിലെത്തിയിരിക്കുകയാണ്. ആനന്ദ് വിഹാര്‍ മേഖലയിലാണ് വായുമലിനീകരണം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ആനന്ദ് വിഹാര്‍ മേഖലയില്‍ വായു ഗുണനിലവാര സൂചിക 481 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐടിഒ, ലോധി റോഡ്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ സ്ഥിതിയും സമാനമാണ്. ഡല്‍ഹി എന്‍സിആര്‍ പരിധിയില്‍ വരുന്ന ഗ്രേറ്റര്‍ നോയിഡ, ഫരീദബാദ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ അന്തരീക്ഷം മോശം അവസ്ഥയിലാണ്.