‘ഒബാമയ്ക്ക് ഇന്ത്യയെ കുറിച്ച് എന്ത് അറിയാം, ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ കുറിച്ച് വിദേശ രാജ്യത്തെ ഒരു നേതാവ് ഇത്തരം പ്രസ്താവന നടത്താന്‍ പാടില്ല’; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശിവസേന

മുംബൈ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഓര്‍മക്കുറിപ്പുകളിലെ രാഹുല്‍ ഗാന്ധിക്കെതിരായ പ്രസ്താവനക്കെതിരെ ശിവസേന. മുന്‍ യുഎസ് പ്രസിഡന്റിന് ഈ രാജ്യത്തെ കുറിച്ച് എന്തറിയാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളെ കുറിച്ച് വിദേശ രാജ്യത്തെ ഒരു നേതാവ് ഇത്തരം പ്രസ്താവന നടത്താന്‍ പാടില്ല. പരാമര്‍ശങ്ങള്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഭാവിയില്‍ വലിയ ചലനങ്ങളുണ്ടാക്കും. ഒബാമക്ക് ഈ രാജ്യത്തെ കുറിച്ച് എന്തറിയാമെന്നും റാവത്ത് ചോദിച്ചു.

എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന ഒബാമയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകളുടെ പുസ്തകത്തിലാണ് രാഹുലിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍. വിഷയമറിയാതെ അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുല്‍ എന്നും കാര്യങ്ങള്‍ പഠിക്കാന്‍ താല്പര്യമില്ലാത്ത നേതാവാണ് രാഹുലെന്നും പുസ്തകത്തില്‍ ഒബാമ എഴുതി. അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെങ്കിലും ആ വിഷയത്തില്‍ മുന്നിട്ട് നില്‍ക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത ആളാണ് രാഹുലെന്നും ഒബാമ കുറിച്ചു.

പുസ്തകം പുറത്ത് വന്നതിന് പിന്നാലെ ഒബാമയുടെ നിരീക്ഷണം ഏറ്റെടുത്ത് ബിജെപി രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് ഒബാമയ്ക്ക് എതിരെ ശിവസേന രംഗത്ത് വന്നത്. ഒബാമയുടെ പരാമര്‍ശം രാഷ്ട്രീയമായി മുതലെടുക്കുന്ന ബിജെപിയെയും സേന വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പോലും കാര്യമായി പ്രതിരോധിക്കാന്‍ മടിക്കുന്നതിനിടെയാണ് മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ സേനയുടെ ഇടപെടല്‍.

Exit mobile version