ന്യൂഡൽഹി: രാജ്യത്ത് നിരവധി സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇവിടങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട് അൽഖ്വയ്ദ. രഹസ്യാന്വേഷണ ഏജൻസി ഇത് സമ്പന്ധിച്ച മുന്നറിയിപ്പ് ഈ മാസം 5ന് കേന്ദ്രസർക്കാരിന് കൈമാറിയതായി റിപ്പോർട്ട്. ഭീകരാക്രമണം നടത്താനായി അൽഖ്വയ്ദയ്ക്ക് വിദേശ സഹായമെത്തുന്നുണ്ടെന്നും, ചാവേറുകളാകാൻ പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായുമാണ് റിപ്പോർട്ട്. കേരളം, പശ്ചിമ ബംഗാൾ, ആസാം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിൽ നിന്നുമായി പതിനൊന്ന് തീവ്രവാദികളെ കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് അൽഖ്വയ്ദയുടെ പദ്ധതി വെളിവാക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രണമങ്ങൾ നടത്താനാണ് സംഘടനയുടെ പദ്ധതി. ഇതിനായി പ്രാദേശികമായി സംഘടിപ്പിച്ചിരിക്കുന്ന സ്ലീപ്പർ സെല്ലുകളെ ഉണർത്താനാണ് ശ്രമം.
ഭീകരാക്രമണത്തിന് കോപ്പുകൂട്ടുന്നെന്ന ഐബി(ഇന്റലിജൻസ് ബ്യൂറേ)യുടെ റിപ്പോർട്ട് അഞ്ചാം തീയതിയാണ് കേന്ദ്രസർക്കാരിന് കൈമാറിയത്. റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ഭീകരാക്രമണ സാധ്യത ബംഗാളിലാണെന്നാണ് റിപ്പോർട്ട്. ബംഗാളിലെ ഒരുവിധം എല്ലാ പ്രധാന നേതാക്കളേയും അൽഖ്വയ്ദ ലക്ഷ്യം വെച്ചിട്ടുണ്ട് എന്ന് ഐബി റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ കേരളത്തിലടക്കം നടക്കുന്നുണ്ടെന്നും അൽ ഖ്വയ്ദയ്ക്ക് കേരളം വഴി വിദേശ സഹായം ലഭിക്കുന്നുണ്ടെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും ഐ ബിയുടെ റിപ്പോർട്ടിലുണ്ട്.
Discussion about this post