ഇന്‍ഡോര്‍: അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത കേസില്‍ മുന്‍ മന്ത്രിയും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ കമ്പ്യൂട്ടര്‍ ബാബ അറസ്റ്റില്‍. തന്റെ ആശ്രമത്തിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് കമ്പ്യൂട്ടര്‍ ബാബയെന്ന നംദേവ് ത്യാഗിയുടെ നേതൃത്വത്തില്‍ ആക്രമിച്ചത്. ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം ഒമ്പതിനാണ് അനധികൃതമെന്ന് ആരോപിച്ച് കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം മധ്യപ്രദേശ് സര്‍ക്കാര്‍ പൊളിച്ചുമാറ്റിയത്. ഈ സമയത്ത് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കമ്പ്യൂട്ടര്‍ ബാബ ഉള്‍പ്പെടെ ആറു പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തതായും ഇന്‍ഡോര്‍ അഡീഷണല്‍ എസ്പി പ്രശാന്ത് ചൗബെ അറിയിച്ചു.
40 ഏക്കറോളം വരുന്ന സ്ഥലത്താണ് ആശ്രമം. ഇതില്‍ ആശ്രമത്തിനു സമീപമുള്ള രണ്ട് ഏക്കറോളം സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത കൈയ്യേറ്റവും നിര്‍മ്മാണവും നടത്തിയതിനെ തുടര്‍ന്നാണ് ആശ്രമം പൊളിച്ചുമാറ്റിയതെന്നാണ് അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് അജയ് ദേവ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാളുടെ സ്വത്ത് വിവരങ്ങളും പണമിടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം കമ്പ്യൂട്ടര്‍ ബാബയ്ക്കെതിരായ നടപടിയെ കോണ്‍ഗ്രസ് അപലപിച്ചു. ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയമായി പക പോക്കുകയാണെന്നാണ് ദിഗ്വിജയ സിംഗ് പറഞ്ഞത്.
Discussion about this post