ന്യൂഡൽഹി: സുപ്രീംകോടതിയെ വിമർശിച്ച സംഭവത്തിൽ കോടതിയലക്ഷ്യ നടപടികൾ കൈക്കൊണ്ടേക്കുമെന്ന സാഹചര്യത്തിലും താൻ മാപ്പ് പറയില്ലെന്ന് ഉറപ്പിച്ച് സ്റ്റാൻഡ്അപ്പ് കൊമേഡിയൻ കുനാൽ കമ്ര. കോടതി അലക്ഷ്യ നടപടി സ്വീകരിച്ചു എന്ന കാരണത്താൽ സുപ്രീം കോടതിയെ വിമർശിച്ചുകൊണ്ടുള്ള ട്വീറ്റുകൾ പിൻവലിക്കില്ലെന്നും അഭിഭാഷകനെ വെയ്ക്കുകയോ മാപ്പ് പറയുകയോ പിഴ അടയ്ക്കുകയോ ചെയ്യില്ലെന്നും കുനാൽ സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കി.
മുംബൈയിലെ അഭിഭാഷകനായ റിസ്വം സിദ്ദീഖി, നിയമ വിദ്യാർഥിയായ ഷിരാങ് കട്നേഷ്വർക്കർ എന്നിവരാണ് കമ്രയ്ക്ക് എതിരെ കോടതിലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ അറ്റോർണി ജനറലിനോട് അനുമതി തേടിയത്. ഇതിനു പിന്നാലെ തന്നെ കമ്രയ്ക്ക് എതിരേ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാനുള്ള അനുമതി അറ്റോർണി ജനറൽ കെകെ വേണുഗോപാൽ നൽകിയിരുന്നു.
നേരത്തെ, ആത്മഹത്യാ പ്രേരണ കേസിൽ അർണബ് ഗോസ്വാമിയുടെ കേസ് അതിവേഗത്തിൽ പരിഗണിക്കുകയും ജാമ്യം നൽകുകയും ചെയ്ത നടപടിയെ വിമർശിച്ചുകൊണ്ടാണ് കുനാൽ കമ്ര ട്വീറ്റ് ചെയ്തത്. സുപ്രീം കോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവി നിറമണിഞ്ഞ സുപ്രീം കോടതിയുടെ ചിത്രവും കമ്ര പോസ്റ്റ് ചെയ്തിരുന്നു.
ഞാൻ എന്റെ ട്വീറ്റുകൾ പിൻവലിക്കാനോ അതിൻറെ പേരിൽ ക്ഷമാപണം നടത്താനോ ഉദ്ദേശിക്കുന്നില്ല, അവ സ്വയം സംസാരിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. നോ ലോയേഴ്സ്, നോ അപ്പോളജി, നോ ഫൈൻ, നോ വേസ്റ്റ് ഓഫ് സപേയ്സ് എന്ന തലക്കെട്ടിലാണ് തന്റെ നിലപാട് വ്യക്തമാക്കികൊണ്ട് ദീർഘമായ കുറിപ്പ് കമ്ര ട്വീറ്റ് ചെയ്തത്.
Discussion about this post