കോപ്പിറൈറ്റ് ലംഘനം; അമിത് ഷായുടെ അക്കൗണ്ടിലെ ചിത്രം നീക്കം ചെയ്ത് ട്വിറ്റർ

amit shah

ന്യൂഡൽഹി: കോപ്പി റൈറ്റ് ലംഘനത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അക്കൗണ്ടിൽനിന്ന് അദ്ദേഹത്തിന്റെ ഫോട്ടോ ട്വിറ്റർ നീക്കം ചെയ്തു. ഫോട്ടോഗ്രാഫറുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തെ തുടർന്നാണ് വ്യാഴാഴ്ച ഫോട്ടോ നീക്കം ചെയ്തതെന്ന് ട്വിറ്റർ വിശദീകരിച്ചു. ഫോട്ടോയുടെ മേൽ ഫോട്ടോഗ്രാഫറിനാണ് യഥാർത്ഥ അവകാശം എന്നാണ് ട്വിറ്ററിന്റെ മാനദണ്ഡം.

അമിത് ഷായുടെ അക്കൗണ്ടിലെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുമ്പോൾ, കോപ്പിറൈറ്റ് അവകാശമുള്ള വ്യക്തിയിൽനിന്നുള്ള പ്രതികരണത്തെ തുടർന്ന് ചിത്രം നീക്കം ചെയ്തിരിക്കുകയാണെന്നും അക്കൗണ്ട് ഡിസ്‌പ്ലേ ചെയ്യാൻ സാധിക്കില്ലെന്നുമുള്ള സന്ദേശം തെളിഞ്ഞു കാണാമായിരുന്നു.

അതേസമയം, പിന്നീട് അൽപസമയത്തിന് ശേഷം ഫോട്ടോ അക്കൗണ്ടിൽ തിരികെയെത്തി. ട്വിറ്ററിന്റെ ആഗോള നയങ്ങൾക്ക് എതിരായതിനാലാണ് ലോക്ക് ചെയ്തതെന്നും ഉടൻ തന്നെ തീരുമാനം മാറ്റുകയും അക്കൗണ്ട് പ്രവർത്തന സജ്ജമായെന്നും ട്വിറ്റർ വക്താവ് അറിയിച്ചു.

നേരത്തെ, കോപ്പിറൈറ്റ് പ്രശ്‌നത്തെ തുടർന്ന് ബിസിസിഐയുടെ ഡിസ്‌പ്ലേ ചിത്രവും അടുത്തിടെ ട്വിറ്റർ നീക്കം ചെയ്തിരുന്നു.

Exit mobile version