ന്യൂഡല്‍ഹി: ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരം സാമ്പത്തിക മാന്ദ്യത്തെയാണ് രാജ്യം നേരിടാന്‍ പോകുന്നതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. ‘2020-2021 ആദ്യ പകുതിയിലെ ഏറ്റവും വലിയ, ചരിത്രം ഇന്നുവരെ കാണാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം കടക്കുന്നത്,’ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു.
ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. തൊഴില്‍ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്നും പണം ചെലവാക്കാന്‍ മടിക്കുന്നതിനാല്‍ കുടുംബ സമ്പാദ്യത്തില്‍ ഇരട്ടി വര്‍ധനവ് ഉണ്ടായെന്നും സമിതി വിലയിരുത്തുന്നുണ്ട്.
ജനം പണം ചെലവഴിക്കാന്‍ മടിക്കുന്നതാണ് വലിയ വെല്ലുവിളിയെന്നും സൂചനയുണ്ട്. സെപ്തംബറിലെ പാദം അവസാനിച്ചപ്പോള്‍ ജി.ഡി.പി 8.6 ശതമാനം കുറഞ്ഞതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.
അതേസമയം നവംബര്‍ 27 മുതലുള്ള ഔദ്യോഗിക കണക്കുകള്‍ ഇതുവരെയും സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. വാഹനവിപണി, ഭവന കെട്ടിട നിര്‍മാണ മേഖല, കോര്‍പറേറ്റ് രംഗം തുടങ്ങിയ മേഖലയിലാണ് പഠനം നടത്തിയത്. കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്ന് പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ടെക്നിക്കല്‍ റിസഷന്‍ അനുഭവപ്പെട്ട് തുടങ്ങി. വിവിധ കാരണങ്ങളാല്‍ കിതച്ച് നിന്നിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൊവിഡ് ബാധിച്ചതും സാരമായി തളര്‍ത്തി.