ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ലേ പ്രദേശത്തെ ജമ്മു കശ്മീരിന്റെ ഭാഗമായി ഭൂപടത്തിൽ കാണിച്ചതിനെ ചൊല്ലി കേന്ദ്രസർക്കാർ ട്വിറ്ററിനോട് ഇടയുന്നു. കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്റെ ഭാഗമാണ് ലേ. തെറ്റായ ഭൂപടം പ്രദർശിപ്പിച്ച് രാജ്യത്തിന്റെ അതിർത്തികളെ മാനിക്കാതിരുന്നത് ട്വിറ്ററിന് സംഭവിച്ച ഗുരുതരമായ പിഴവായാണ് കേന്ദ്രം വിലയിരുത്തുന്നത്.
വിഷയത്തിൽ അഞ്ച് പ്രവൃത്തി ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ച് ഇന്ത്യയുടെ അതിർത്തികളെ മാനിക്കാതിരുന്നതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കണമെന്നാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ ഐടി ആക്ട് പ്രകാരം രാജ്യത്ത് ട്വിറ്ററിന് വിലക്കേർപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനും സർക്കാർ ശ്രമിച്ചേക്കും.
ആറുമാസം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് കേസെടുക്കാനും കേന്ദ്രത്തിന് നിയമപരമായി സാധിക്കുമെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു. ലഡാക്കിന്റെ തലസ്ഥാനമായ ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായ പ്രദേശമായി ഭൂപടത്തിൽ കാണിച്ചിരിക്കുന്നത് ബോധപൂർവമായ നടപടിയാണെന്ന് കേന്ദ്ര സർക്കാർ ട്വിറ്ററിനയച്ച നോട്ടീസിൽ പറയുന്നു. ട്വിറ്ററിന്റേത് പാർലമെന്റിനെ അവമതിക്കുന്ന നടപടിയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, വിഷയം ഗുരുതരമായതോടെ കേന്ദ്ര സർക്കാരിനോടും ഐടി മന്ത്രാലയത്തോടും പൂർണമായും സഹകരിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി. വിശദീകരണം നൽകുമെന്നും ജിയോ ടാഗ് സംബന്ധിച്ച പ്രശ്‌നങ്ങൾ വിശദീകരിക്കുമെന്നും ട്വിറ്റർ പ്രതികരിച്ചു. പറയുന്നു.