ന്യൂഡൽഹി: ഓൺലൈൻ ഗെയിം പ്രേമികളുടെ പ്രാർത്ഥനകൾ സഫലമാകുന്നു. നിരോധിക്കപ്പെട്ട പബ്ജി ഗെയിം ഇന്ത്യയിൽ തിരിച്ചുവരുന്നു. പബ്ജി കോർപ്പറേഷനാണ് അറിയിച്ചിരിക്കുന്നത്. ഉടൻ തന്നെ പുതിയ ഗെയിം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും ഇന്ത്യൻ വിപണിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പബ്ജി ഗെയിമാണിതെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിൽ പുതിയ ഓഫീസ് ആരംഭിക്കാനും പബ്ജി കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. പബ്ജി കോർപ്പറേഷനും മാതൃകമ്പനിയായ ക്രാഫ്‌റ്റോണും ഇന്ത്യയിൽ ഏകദേശം 746 കോടി രൂപയുടെ നിക്ഷേപമാണ് നടത്താനുദ്ദേശിക്കുന്നത്.
ഉള്ളടക്കത്തിലുൾപ്പടെ അടിമുടി മാറ്റവുമായാണ് പുതിയ പബ്ജി ഗെയിം എത്തുക. പബ്ജിയുടെ ഇന്ത്യയിലെ പ്രവർത്തനം കൈകാര്യം ചെയ്തിരുന്ന ടെൻസന്റ് ഗെയിംസുമായുള്ള കരാർ പബ്ജി കോർപ്പറേഷൻ പൂർണ്ണമായും അവസാനിപ്പിച്ചിട്ടുണ്ട്. ഇതോടെ നേരത്തെയുണ്ടായിരുന്ന പബ്ജി ഗെയിം ഉപഭോക്താക്കൾക്ക് ലഭ്യമാകില്ല. പുതിയ ഗെയിം പൂർണ്ണമായും പ്രാദേശിക ചട്ടങ്ങൾ പാലിച്ചുള്ളതാകുമെന്നും ഉപഭോക്താക്കൾക്ക് ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതാണെന്നും പബ്ജി കോർപ്പറേഷൻ പറയുന്നു.
ഗെയിമിലെ കഥാപാത്രങ്ങൾ, വസ്ത്രധാരണം, ഹിറ്റ് ഇഫക്ട്, വിർച്വൽ സിമുലേഷൻ ട്രെയിനിങ് ഗ്രൗണ്ട് എന്നിവയിലടക്കം മാറ്റങ്ങളുണ്ടാകും. പ്രായം കുറഞ്ഞ ഉപഭോക്താക്കൾക്ക് ഗെയിം കളിക്കുന്ന സമയം നിയന്ത്രിക്കുന്ന സംവിധാനവും പുതിയ ഗെയിമിലുണ്ടാകും. സെപ്റ്റംബറിലാണ് പബ്ജി കേന്ദ്രസർക്കാർ നിരോധിച്ചത്.