മുംബൈ; ആത്മഹത്യ പ്രേരണകേസില്‍ അറസ്റ്റിലായ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് അര്‍ണാബ് ഗോസ്വാമി ജയില്‍ മോചിതനായത്. ഇന്ന് രാത്രിയോടെയാണ് അര്‍ണാബ് ജയില്‍ മോചിതനായത്.
മോചിതനാകുന്ന അര്‍ണാബിനെ കാണാന്‍ വന്‍ ജനക്കൂട്ടം തന്നെ തമ്പടിച്ചിരുന്നു. ജയിലിന് മുന്നില്‍ കൂടിനിന്നവരോട് സംസാരിച്ച അര്‍ണാബ്, സുപ്രീം കോടതിയോട് നന്ദി ഉണ്ടെന്നും പറഞ്ഞു. തന്റെ മോചനം ഇന്ത്യയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ണബിന് ജാമ്യം ലഭിക്കുന്നത്.
ഇന്റീരിയര്‍ ഡിസൈനറുടേയും മാതാവിന്റേയും മരണവുമായി ബന്ധപ്പെട്ട കേസില്‍ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി മുംബൈ പോലീസ് അറസ്റ്റ് ചെയ്ത റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് അര്‍ണാബ് സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, ജാമ്യം ലഭിച്ചാലും കേസ് അന്വേഷണവുമായി അര്‍ണബ് പൂര്‍ണ്ണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ബോംബെ ഹൈക്കോടതിക്ക് അര്‍ണബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ വീഴ്ചപ്പറ്റിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് മുംബൈ പോലീസ് ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.