ന്യൂഡൽഹി: ഇന്റീരിയർ ഡിസൈനറുടേയും മാതാവിന്റേയും മരണവുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി മുംബൈ പോലീസ് അറസ്റ്റ് ചെയ്ത റിപബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് അർണബിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
അതേസമയം, ജാമ്യം ലഭിച്ചാലും കേസ് അന്വേഷണവുമായി അർണബ് പൂർണ്ണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, ഇന്ദിര ബാനർജി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
ബോംബൈ ഹൈക്കോടതിക്ക് അർണബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ വീഴ്ചപ്പറ്റിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് മുംബൈ പോലീസ് ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.
ഇന്റീരിയർ ഡിസൈനർ അൻവയ് നായികും മാതാവ് കുമുദ് നായികും 2018ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രേരണകുറ്റം ചുമത്തിയാണ് അർണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.