ഹൈദരാബാദ്: പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിപ്പിച്ച് ബിജെപിക്കും എൻഡിഎയ്ക്കും നേട്ടമുണ്ടാക്കി കൊടുത്തെന്ന വിമർശനം ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി.
ബിഹാറിലെ വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന സൂചന നൽകിയ ഒവൈസി ബിഹാർ ഫലത്തിൽ സന്തോഷവാനാണെന്നും മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
ബിഹാർ വിജയത്തിൽ സന്തോഷമുണ്ട്. സീമാഞ്ചൽ മേഖലയിലെ നീതിക്കായി പോരാടുമെന്നും ഒവൈസി കൂട്ടിച്ചേർത്തു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്നെന്ന ആരോപണത്തോട് തങ്ങളും ഒരു രാഷ്ട്രീയപാർട്ടിയാണെന്നും മത്സരിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു ഒവൈസിയുടെ മറുപടി.
”നിങ്ങൾ ഞങ്ങളോട് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് പറയുന്നത്. നിങ്ങൾ (കോൺഗ്രസ്) മഹാരാഷ്ട്രയിൽ ശിവസേനയുടെ മടിയിലാണ് ഇരിക്കുന്നത്. ഞങ്ങളെന്തിനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഞാൻ പശ്ചിമബംഗാളിലും ഉത്തർപ്രദേശിലുമെല്ലാം മത്സരിക്കും എന്നാണ്” – ഒവൈസി പ്രതികരിച്ചു. മുസ്ലിം വോട്ടുകൾ നിർണായകമാവുന്ന യുപിയിലും ബംഗാളിലും ഒവൈസിയുടെ പാർട്ടി തനിച്ച് മത്സരിക്കുന്നത് മമത ബാനർജിയുടേയും യുപിയിലെ സമാജ് വാദി പാർട്ടിയുടേയും നെഞ്ചിടിപ്പ് കൂട്ടും.
2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. ആരുമായി സഖ്യമുണ്ടാക്കുമെന്നത് അപ്പോൾ പറയുമെന്നും ഒവൈസി കൂട്ടിച്ചേർത്തു. മഹാസഖ്യത്തിന്റെ വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഒവൈസിയുടെ പാർട്ടി, ബിജെപിയുടെ ബി പാർട്ടിയെ പോലെയും സഖ്യകക്ഷിയെപ്പോലെയുമാണ് പ്രവർത്തിക്കുന്നതെന്ന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post