ന്യൂഡൽഹി: ജീവകാരുണ്യ പ്രവർത്തികൾക്കായി പ്രതിദിനം 22 കോടി ചെലവഴിച്ച് നന്മയുടെ മാതൃകയായി വിപ്രോയുടെ സ്ഥാപക ചെയർമാൻ അസിം പ്രേംജി. കമ്പനിയുടെ ലാഭവിഹിതത്തിൽ നിന്നും 7,904 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയാണ് അദ്ദേഹം മനുഷ്യ സ്നേഹികളുടെ പട്ടികയിൽ ഒന്നാമതെത്തിയത്. കോവിഡ് മഹാമാരി കാലത്ത് അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചത് 1,125 കോടി രൂപയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
വിപ്രോയുടെ സിഎസ്ആർ പ്രവർത്തനങ്ങൾക്കും അസിം പ്രേംജി ഫൗണ്ടേഷന്റെ നിലവിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുറമെയാണ് ഈ തുക ചെലവഴിച്ചിരിക്കുന്നത്.
എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നാടാരാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 795 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി 458 കോടി രൂപ സംഭാവന നൽകി മൂന്നാമതെത്തി. ഹുറൂൺ ഇന്ത്യ തയ്യാറാക്കിയ ജീവകാരുണ്യ പട്ടിക 2020ലാണ് ഈ വിവരങ്ങളുള്ളത്.
കോവിഡിനെതിരായ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിനായി മുകേഷ് അംബാനി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 500 കോടി നൽകിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുടെ ദിരിതാശ്വാസ നിധിയിലേയ്ക്കായി അഞ്ചുകോടി രൂപവീതവും നൽകി.
കുമാർ മംഗളം ബിർളയും കുടുംബവും 276 കോടി രൂപയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിരിക്കുന്നത്. ഇവർ പട്ടികയിൽ നാലാം സ്ഥാനത്താണ്. വേദാന്ത സ്ഥാപകനും ചെയർമാനുമായ അനിൽ അഗർവാളും കുടുംബവും 215 കോടി നൽകി പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.
Discussion about this post