പട്ന: ബിഹാറിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടാൻ ബിജെപിക്കും ജെഡിയുവിനും ആർജെഡിക്കും സാധിക്കാതെ വന്നതോടെ സഖ്യ സാധ്യതകൾ തേടി പാർട്ടികൾ. ജെഡിയുവിനെ സഖ്യത്തിലേക്ക് കോൺഗ്രസ് ക്ഷണിച്ചതിന് പിന്നാലെ തടയിടാൻ ശ്രമിച്ച് ബിജെപി. ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്നും അക്കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്ന് ബിജെപി നേതാവ് സുശീൽ മോദി പ്രതികരിച്ചു.
‘ഞങ്ങളുടെ പ്രതിബദ്ധത പോലെ നിതീഷ് ജി മുഖ്യമന്ത്രിയായി തുടരും. ഇതിൽ ആശയക്കുഴപ്പമില്ല. ചിലർ കൂടുതൽ വിജയിക്കും ചിലർ കുറച്ചും. എന്നാൽ ഞങ്ങൾ തുല്യരായ പങ്കാളികളാണ്’-ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി ചൊവ്വാഴ്ച പറഞ്ഞു.
എൻഡിഎ വിട്ട് മഹാസഖ്യത്തോടൊപ്പം ചേരാൻ കോൺഗ്രസ് നേതാവ് ദിഗ്വിജയ സിങ് ആഹ്വാനം ചെയ്തിരുന്നു. ഇതോടെയാണ് ഇതുവരെ അത്ര പ്രിയങ്കരനല്ലാതിരുന്ന നിതീഷിനെ ചേർത്തു പിടിച്ചുകൊണ്ട് ബിജെപിയുടെ പ്രഖ്യാപനം. 243 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 74 സീറ്റുകളുമായി ബിജെപി എൻഡിഎ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായി മാറിയിരുന്നു. പക്ഷെ ഭരണം നേടാൻ ജെഡിയുവിന്റെ സഹായം വേണം.
എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപി കടിപിടി കൂടില്ലെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. ഭരണം നിലനിർത്താമെങ്കിലും ജെഡിയുവിന് ശക്തി ശയിക്കുന്നത് വലിയ ഭീഷണിയാവുകയാണ്. 43 സീറ്റുകൾ മാത്രമുള്ള ജെഡിയു ബിജെപി അനുവദിച്ചതുകൊണ്ട് മാത്രം മുഖ്യമന്ത്രി കസേര സ്വന്തമാക്കും.
തെരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധൻ സഖ്യത്തിന്റെ ഭാഗമായി 76 സീറ്റുകളിൽ വിജയിച്ച് ആർജെഡി ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. വൻമുന്നേറ്റം നടത്തിയ ബിജെപി 73 സീറ്റുമായി എൻഡിഎയിലെ ഏറ്റവും വലിയ കക്ഷിയായി മാറി. വോട്ടുവിഹിതത്തിന്റെ കാര്യത്തിലും ബിജെപി (23.03) മുന്നിലെത്തി. അതേസമയം, ബിഹാറിൽ ജെഡിയുവിനോടും നിതീഷ് കുമാറിനോടും യുദ്ധം പ്രഖ്യാപിച്ച് തനിച്ച് മത്സരിച്ച എൽജെപിക്ക് നേട്ടമുണ്ടാക്കാനാകാതെ പോയിരുന്നു. എൻഡിഎയിൽ നിന്ന് മാറി 150 ഇടങ്ങളിൽ ഒറ്റക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എൽജെപിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്. കിങ്മേക്കർ ആകുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന എൽജെപിയുടെ ചിരാഗ് പാസ്വാൻ വൻ നേട്ടം കൊയ്തിരുന്നെങ്കിൽ നിതീഷിനും ജെഡിയുവിനും മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി വിയർക്കേണ്ടി വന്നേനെ.
70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റ് മാത്രമാണ് നേടാനായത്. 29 സീറ്റുകളിൽ മത്സരിച്ച ഇടതു പാർട്ടികളായ സിപിഐ (എംഎൽ), സിപിഐ, സിപിഎം എന്നിവർ 16 സീറ്റിൽ വിജയിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. മായാവതിയുടെ ബിഎസ്പി-അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം സഖ്യം അഞ്ച് സീറ്റ് നേടി.
Discussion about this post