ന്യൂഡല്‍ഹി: കടംവീട്ടാന്‍ ഓഹരികളും തന്റെ സ്ഥാപനങ്ങളും ഒന്നൊന്നായി വിറ്റ് അനില്‍ അംബാനി. ഏറ്റവും അവസാനമായി റിലയന്‍സിന്റെ കപ്പല്‍ നിര്‍മാണ ശാലയും വില്‍ക്കാനൊരുങ്ങുകയാണ് അനില്‍ അംബാനി. ഏകദേശം 46,000 കോടി രൂപയുടെ കടമാണുള്ളത്.
ഇത് വീട്ടാന്‍ സ്ഥാപനങ്ങള്‍ വില്‍ക്കുകയല്ലാതെ വേറെ വഴിയില്ല. ഗുജറാത്തിലെ പിപാവവ് കപ്പല്‍ശാലയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കപ്പല്‍ നിര്‍മാണ കമ്പനിയായ റിലയന്‍സ് നേവല്‍ ആന്‍ഡ് എന്‍ജിനീയറിങ് ലിമിറ്റഡിനെ (ആര്‍എന്‍എല്‍) ഏറ്റെടുക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്നുവെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നു.
റഷ്യന്‍ യുണൈറ്റഡ് ഷിപ്പ് ബില്‍ഡിങ് കോര്‍പ്പറേഷനാണ് കരാറുമായി മുന്നോട്ട് പോകുന്നത്. മിക്ക കപ്പല്‍ നിര്‍മാണ സ്ഥാപനങ്ങളും അനില്‍ അംബാനിയുടെ റിലയന്‍സ് നേവല്‍ ആന്‍ഡ് എന്‍ജിനീയറിങ് ലിമിറ്റഡ് (ആര്‍നാവല്‍) വാങ്ങുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു.
ഇതോടെയാണ് റഷ്യന്‍ കമ്പനി വാങ്ങാന്‍ രംഗത്തെത്തിയത്. റഷ്യയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് യുണൈറ്റഡ് ഷിപ്പ് ബില്‍ഡിങ് കോര്‍പ്പറേഷന്‍ (യുഎസ്സി). ഏകദേശം 45,000 കോടി രൂപയുടെ കടങ്ങള്‍ വീട്ടാനാണ് ഇപ്പോള്‍ ആര്‍നാവല്‍ വില്‍ക്കുന്നത്.
രണ്ട് വലിയ ഇന്ത്യന്‍ കമ്പനികളായ ചൗഗ്യൂള്‍, എപിഎം ടെര്‍മിനല്‍സ് മാനേജ്‌മെന്റ് ബിവി എന്നിവയും നിരവധി അസറ്റ് പുനര്‍നിര്‍മാണ കമ്പനികളും ആര്‍നാവല്‍ വാങ്ങാന്‍ രംഗത്തുണ്ടായിരുന്നു. ആര്‍നാവാലിന്റെ ഇലക്ട്രോണിക് അക്കൗണ്ടിലേക്ക് പ്രവേശനം നേടുന്നതിനായി യുഎസ്സി അക്രഡിറ്റേഷന്‍ നടപടിക്രമങ്ങള്‍ പാസാക്കിയിട്ടുണ്ടെന്ന് എംബസി പ്രസ്താവിച്ചു.
യുഎസ്സി നിലവില്‍ ആര്‍നാവാലിന്റെ അവസ്ഥയെക്കുറിച്ച് കൃത്യമായ ജാഗ്രത പുലര്‍ത്തുകയും സാധ്യമായ നിക്ഷേപങ്ങളുടെ പാരാമീറ്ററുകള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്. കോവിഡ് -19 മഹാമാരി കാരണം യുഎസ്സിക്ക് പിപാവവ് കപ്പല്‍ശാലയെ വിലയിരുത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റഷ്യന്‍ എംബസി പറഞ്ഞു.