പാട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ക്ലൈമാക്‌സിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകളടക്കം ഭിന്നിപ്പിച്ച് ബിജെപിക്കും എന്‍ഡിഎയ്ക്കും തുണയായത് അസദുദ്ദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്ന പാര്‍ട്ടിയാണ്.
കിഷന്ഗഞ്ച്, പൂര്‍ണിയ, കതിഹാര്‍, അരാരിയ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയില്‍ ഒവൈസി പിടിച്ച വോട്ടുകള്‍ മോഡിക്കെതിരായ മഹാസഖ്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചെന്ന വിമര്‍ശനം ശക്തമായിക്കഴിഞ്ഞു. ബിഹാറിലെ പരമ്പരാഗത മുസ്ലിം ഭൂരിപക്ഷമുള്ള ഈ മേഖല ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയുമാണ് എപ്പോഴും പിന്തുണച്ചിട്ടുള്ളത്.
ബിഎസ്പി, ആര്‍എല്‍എസ്പി. എന്നിവരെ ഉള്‍പ്പെടുത്തി മുന്നണി രൂപീകരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്. 233 സീറ്റിലാണ് ഇവര്‍ മത്സരിക്കാനിറങ്ങിയത്. ഇതില്‍ 6 സീറ്റില്‍ ഈ സഖ്യം ലീഡ് ചെയ്യുന്നു. അതില്‍ തന്നെ 5 സീറ്റുകളില്‍ എഐഎംഐഎം മുന്നിട്ട് നില്ക്കുന്നുണ്ട്.
എന്‍ഡിഎ സഖ്യം മുന്നിലെത്തിയതോടെ എഐഎംഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ സഖ്യകക്ഷിയെപ്പോലെയായി ഒവൈസിയുടെ പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.
വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ഒവൈസിയുടെ നീക്കങ്ങളെക്കുറിച്ച് എല്ലാ മതേതരപാര്‍ട്ടികളും കരുതിയിരിക്കണമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. മഹാസഖ്യം വിജയം ഉറപ്പിരുന്നു എന്നാല്‍, ചില ചെറു പാര്‍ട്ടികളാണ് വിജയത്തിനു തടയിട്ടത്. മഹാസഖ്യത്തിനെതിരെ ബിജെപി ഒവൈസിയെ ഉപയോഗിക്കുകയാണെന്നും ചൗദരി വ്യക്തമാക്കി.
Discussion about this post