പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക്. 90 ശതമാനത്തിനടുത്ത് വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ ബീഹാറില്‍ ലീഡ് നില മാറി മറിയുകയാണ്. 8 മണിവരെ ആകെയുളള നാല് കോടി വോട്ടുകളില്‍ 3.4 കോടി വോട്ടുകളാണ് എണ്ണിക്കഴിഞ്ഞിരിക്കുന്നത്.
ബി.ജെ.പിയും ആര്‍.ജെ.ഡിയും 74 സീറ്റുകളില്‍ വീതം ലീഡ് ചെയ്യുകയാണ്. അതേ സമയം 126 സീറ്റുകളില്‍ എന്‍.ഡി.എ. മുന്നണി ലീഡ് ചെയ്യുന്നു. 109 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്.. 243 അംഗ സഭയില്‍ 122 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 43 സീറ്റുകളിലാണ് മുന്നിലുള്ളത്. 2015-ല്‍ 71 സീറ്റുകള്‍ നേടിയിരുന്നു ജെ.ഡി.യു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വോട്ടെണ്ണല്‍ ആയതിനാലാണ് ഫലം പൂര്‍ണ്ണമാകാന്‍ വൈകുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.
ഉച്ചവരെ 20 ശതമാനം വോട്ടുകള്‍ മാത്രമെ എണ്ണിയിരുന്നുള്ളൂ. രാത്രി വൈകിയാകും പൂര്‍ണ്ണ ഫലം ലഭിക്കുക. എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മഹാസഖ്യം വലിയ മുന്നേറ്റം സൃഷ്ടിച്ചെങ്കിലും എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി എന്‍.ഡി.എ. ഒരുപടി മുന്നില്‍ കുതിച്ചു.
Discussion about this post