പാട്‌ന: ബിഹാറിൽ ഒച്ചിഴയും വേഗതയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നതെങ്കിലും ട്രെൻഡ് എൻഡിഎ സഖ്യത്തിനോടൊപ്പമാണ് എന്നാണ് ആദ്യഫലസൂചനകൾ. പ്രതിപക്ഷ സഖ്യത്തിന്റെ മഹാഗഡ്ബന്ധനെതിരെ എൻഡിഎ മുന്നിട്ടു നിൽക്കുകയാണ്. ഇതിനിടെ എൻഡിഎ നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയ ഇടങ്ങളാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സാസാറം, ഗയ, ഭാഗൽപുർ, ദർഭംഗാ, മുസ്സഫർപുർ, പട്‌ന, ചപ്ര, കിഴക്കൻ ചംപാറൺ, സമസ്തിപുർ, പടിഞ്ഞാൻ ചംപാരൺ, സഹർസ, ഫോർബസ് ഗഞ്ച് എന്നിവിടങ്ങളിലെ പ്രചാരണ റാലികളിലാണ് പ്രധാനമന്ത്രി മോഡി പങ്കെടുത്തത്. ഭാഗൽപുരിൽ ബിജെപി സ്ഥാനാർത്ഥി രോഹിത് പാണ്ഡെ കോൺഗ്രസ്സ് സ്ഥാനാർത്ഥി അജിത് ശർമ്മയേക്കാൾ മുന്നിലാണ്. ദർഭംഗായിൽ 10ൽ 9 സീറ്റുകളും എൻഡിഎ നേടി. ബിജെപി സ്ഥാനാർത്ഥികളാണ് മുസ്സഫർപുരിലും പട്‌നയിലെ മിക്ക സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നത്. സഹർസയിലും ബിജെപിയാണ് മുന്നിട്ടു നിൽക്കുന്നത്.
അതേസമയം, ജെഡിയുവിനേക്കാൾ കൂടുതൽ സീറ്റുകളിൽ ബിജെപി ലീഡ് ചെയ്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നതോടെ പണിപാളുക നിതീഷ് കുമാറിനായിരിക്കും. കണക്കുകൾ യാഥാർത്ഥ്യമായി ബിജെപി മുന്നിട്ടുനിന്നാൽ നിതീഷിനെ ഇനിയും മുഖ്യമന്ത്രിയാകാൻ ബിജെപി അനുവദിക്കുമോ എന്ന് കണ്ടറിയേണ്ടി വരും. അഞ്ചുതവണ മുഖ്യമന്ത്രിയായ വ്യക്തിയാണ് നിതീഷ് കുമാർ.
നേരത്തെ, എൻഡിഎ തെരഞ്ഞെടുപ്പ് റാലികളിൽ ബിജെപി നയിച്ച വേദികളിലൊന്നും നിതീഷിന്റെ പോസ്റ്ററുകൾക്കും മറ്റും പ്രധാന്യമുണ്ടായിരുന്നില്ല. നിറഞ്ഞുനിന്നത് ബിജെപിയും നമോഡിയും മാത്രം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിതീഷിന്റെ പേര് പറയാൻ പോലും മടി കാണിച്ച മോഡി രണ്ടോ മൂന്നോ തവണ മാത്രമാണ് നിതീഷെന്ന് എടുത്തുപറഞ്ഞത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ നിതീഷ് കുമാറിനെ ഒതുക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തിയിരുന്നു.
തൂക്കുസഭയാണ് വരുന്നതെങ്കിൽ നിതീഷും രാഷ്ട്രീയ കളികൾക്ക് മുതിർന്നേക്കുമെന്നാണ് സൂചന. ജെഡിയു വീണ്ടും ആർജെഡിയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 2015ൽ ഇരുപാർട്ടികളും സഖ്യമുണ്ടാക്കി അധികാരത്തിലേറിയെങ്കിലും പിന്നീട് എൻഡിഎക്കൊപ്പം ചേരുകയായിരുന്നു നിതീഷ്. ചിരാഗ് പസ്വാന്റെ എൽജെപി മുന്നണിയിൽ നിന്ന് പുറത്ത് പോയി ജെഡിയു മത്സരിക്കുന്നിടത്തെല്ലാം സ്ഥാനാർത്ഥികളെ നിർത്തിയതിന് പിന്നിൽ ബിജെപിയാണെന്നും സംസാരമുണ്ട്. ജെഡിയുവിന് നേരിട്ട ഈ തിരിച്ചടിയുടെ ആഴം വോട്ടെണ്ണി തീരുമ്പോൾ മാത്രമാണ് വ്യക്തമാവുക.
Discussion about this post