മുംബൈ: ആത്മഹത്യപ്രേരണക്കേസില്‍ ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതോടെ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചു. 53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്വായ് നായിക്കും അമ്മയും 2018 ല്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ആത്മഹത്യപ്രേരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അര്‍ണബ്. നവംബര്‍ 4-നാണ് അര്‍ണബിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ഇത് രണ്ടാം തവണയാണ് അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളുന്നത്.അര്‍ണബിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം തള്ളിയാണ് കോടതി ഇടക്കാലജാമ്യം നിഷേധിച്ചത്.
പ്രതിക്കുമുന്നില്‍ സ്ഥിരം ജാമ്യത്തിന് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കാമെന്ന മാര്‍ഗമുള്ളപ്പോള്‍ ഹൈക്കോടതി ഇടപെട്ട് ഇടക്കാല ജാമ്യം അനുവദിക്കേണ്ട അസാധാരണ സാഹചര്യമൊന്നും നിലവിലില്ലെന്ന് കോടതി വ്യക്തമാക്കി. ദീപാവലി അവധിയായിട്ടും പ്രത്യേകം സമ്മേളിച്ചാണ് ഇടക്കാലജാമ്യം നിഷേധിച്ചത്.
പരാതിക്കാരുടെ ഭാഗം കേള്‍ക്കാതെ അന്വേഷണം അവസാനിപ്പിച്ച കേസില്‍ പുനരന്വേഷണം നടത്തുന്നതില്‍ നിയമവിരുദ്ധമായോ ക്രമവിരുദ്ധമായോ എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ലെന്നും കോടതി പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് നടന്ന കേസ് വീണ്ടും അന്വേഷിക്കുന്നതും തന്നെ അറസ്റ്റ് ചെയ്തതും നിയമവിരുദ്ധമായാണെന്നാണ് അര്‍ണബ് ആരോപിക്കുന്നത്.
Discussion about this post