പാട്‌ന: രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ ലീഡ് നേടി എൻഡിഎ സഖ്യം. പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധൻ 99 സീറ്റുകളുമായി വോട്ടെണ്ണൽ തുടരുമ്പോൾ എൻഡിഎയ്ക്ക് 133 സീറ്റുകളിൽ ലീഡ് തുടരുകയാണ്. മിക്ക മണ്ഡലങ്ങളിലും 50 ശതമാനത്തോളം വോട്ടുകൾ എണ്ണാൻ ബാക്കിയുള്ളപ്പോഴുള്ള കണക്കാണിത്.
2015നേക്കാൾ മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവെയ്ക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയും ബിജെപിയാണ്. അതേസമയം, ഇടതുപാർട്ടികളായ സിപിഐ,സിപിഐഎം, സിപിഐ(എംഎൽ) എന്നീ പാർട്ടികൾ സഖ്യത്തിൽ തങ്ങൾക്ക് ലഭിച്ച 29 സീറ്റുകളിൽ 19 സീറ്റിലും ലീഡ് ചെയ്യുകയാണ്. കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പിനേക്കാളും മികച്ച പ്രകടനമാണിത്. മഹാസഖ്യത്തിൽ ആർജെഡി 144 സീറ്റ്, കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ ആറ്, സിപിഎം നാല് എന്നിങ്ങനെ സീറ്റുകളിലായാണ് മത്സരിക്കുന്നത്.
243 അംഗങ്ങളുള്ള നിയമസഭയിൽ 122 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 106 മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെ വോട്ടിനാണ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്. 30 സീറ്റുകളിൽ 500ൽ താഴെയാണ് നിലവിലെ ഭൂരിപക്ഷം.
ലീഡ് നില:
എൻഡിഎ 133 (ബിജെപി 75 ജെഡിയു 52, മറ്റുള്ളവർ 06)
മഹാസഖ്യം 99 (ആർജെഡി 63, കോൺഗ്രസ് 18, സിപിഐഎംഎൽ 12, മറ്റുള്ളവർ 03)
എൽജെപി 2
മറ്റുള്ളവർ-10
(2015ലെ കക്ഷി തിരിച്ചുള്ള സീറ്റ് നില: ആർജെഡി 80, ജെഡിയു 71, കോൺഗ്രസ് 23, ബിജെപി 53, എൽജെപി രണ്ട്, സിപിഐ (എംഎൽ) 03)