ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിനൊപ്പം 11 സംസ്ഥാനങ്ങളിലായി നടന്ന 58 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. ബിജെപിക്ക് ഭരണം നിലനിർത്തുന്നതിന് വിജയം അനിവാര്യമായ മധ്യപ്രദേശിലടക്കം ബിജെപിക്ക് തന്നെയാണ് മേൽക്കൈ. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 13 ഇടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു. ഏഴിടങ്ങളിൽ കോൺഗ്രസാണ് മുന്നിൽ. ഒരിടത്ത് ബിഎസ്പി മുന്നേറുന്നുണ്ട്. മറ്റു മണ്ഡലങ്ങളിലെ ഫലസൂചനകൾ ലഭ്യമാക്കിയിട്ടില്ല. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വാൽമികി നഗർ ലോക്‌സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പും നടന്നിരുന്നു. ജെഡിയുവാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
ഉത്തർപ്രദേശിൽ ഏഴിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി 4 അഞ്ചു സീറ്റുകളിൽ മുന്നിലാണ്. സമാദ്‌വാജി പാർട്ടിയും ബഹുജൻ സമാജ്‌വാദി പാർട്ടിയും സ്വതന്ത്രനും ഓരോ മണ്ഡലങ്ങളിൽ മുന്നേറുന്നുണ്ട്. എട്ട് മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിൽ ഏഴ് സീറ്റുകളിലും ബിജെപിയാണ് മുന്നിൽ. ഒരിടത്ത് മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഓരോ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിലും ഹരിയാണയിലും കോൺഗ്രസാണ് മുന്നിൽ.
രണ്ട് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിൽ ബിജെപിയും കോൺഗ്രസും ഓരോ സീറ്റുകളിൽ മുന്നിലാണ്. കർണാടകയിൽ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നിൽ. അഞ്ചു സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മണിപ്പൂരിൽ ഒരിടത്ത് ബിജെപി ജയിച്ചു. മറ്റൊരിടത്ത് ലീഡ് ചെയ്യുന്നുമുണ്ട്. മൂന്ന് മണ്ഡലങ്ങളിലെ ഫലം ലഭ്യമായിട്ടില്ല. നാഗാലൻഡിൽ രണ്ട് മണ്ഡലങ്ങളിലും സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്.
ഒഡീഷയിൽ രണ്ട് മണ്ഡലങ്ങളിലും ബിജു ജനതാദൾ മുന്നേറുന്നു. തെലങ്കാനയിൽ ഒരു സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അവിടെ ബിജെപിയാണ് മുന്നിൽ.
Discussion about this post