മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് അര്‍ണബ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെ വസതിയില്‍ നിന്നാണ് അര്‍ണബിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യത്തിനായി അര്‍ണബിന് കീഴ്ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെ, എംഎസ് കാര്‍നിക് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട 2018ലെ കേസിന്റെ പേരിലാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.
പോലീസ് കയ്യേറ്റം ചെയ്തെന്നും ബലമായി കസ്റ്റഡിയില്‍ എടുത്തെന്നും അര്‍ണബ് പരാതി ഉന്നയിച്ചിരുന്നു. പോലീസ് വീട്ടുകാരെയും കയ്യേറ്റം ചെയ്തെന്നും അര്‍ണബ് ആരോപിച്ചു. ഇതിനു പിന്നാലെ അര്‍ണബിനെതിരെ മറ്റൊരു കേസ് കൂടി മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്തു.
കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഐപിസി 34, 353, 504,506, വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇടക്കാല ജാമ്യത്തിനായുള്ള ഹര്‍ജിയില്‍ വിധി പറയുന്നതിനു തൊട്ടുമുമ്പായി അര്‍ണബ് അലിബാഗ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
കസ്റ്റഡിയില്‍ കഴിയവെ അര്‍ണബ് ഫോണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ അര്‍ണബിനെ തലോജ ജയിലിലേക്കു മാറ്റിയിരുന്നു.
Discussion about this post