ദുബായ്: ആദ്യമായി കണ്ടുമുട്ടിയ സ്കൂള്‍ മുറ്റം തന്നെ വിവാഹവേദിയാക്കി മുംബൈ സ്വദേശിയായ യുവാവും പ്രാണസഖിയും. ദുബായ് ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥികളായ വിജയ് വലേചയും പ്രാണസഖി രാധികാ ദോഷിയുമാണ് ജീവിതത്തിലെ അനര്‍ഘനിമിഷം സ്കൂള്‍ അങ്കണത്തില്‍ ആഘോഷിച്ചത്.
സ്കൂള്‍ കാലത്ത് മൊട്ടിട്ട പ്രണയം ഒടുവില്‍ വിജയിയുടെയും രാധികയുടേയും വിവാഹത്തിലെത്തുകയായിരുന്നു. ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന് തുടക്കമിടേണ്ടത് തങ്ങള്‍ ആദ്യം സംഗമിച്ച ദുബായ് ഇന്ത്യന്‍ സ്കൂള്‍ മൈതാനമാവണം എന്ന് തീരുമാനിച്ചത് വിജയ് ആയിരുന്നു.
ദുബായിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം രാധിക ഹോംകോങ്ങിലേയ്ക്ക് പോയി. വിജയ് മുംബൈയിലേയ്ക്കും. എന്നാല്‍, തങ്ങളുടെ പ്രണയ ബന്ധം ഇരുവരും ശക്തമായി തുടര്‍ന്നു. കോവിഡിനെ തുടര്‍ന്ന് ഇരുവരും പരസ്പരം കാണാതെ 6 മാസം കഴിഞ്ഞതായി വിജയ് പറഞ്ഞു.
രാധികയേക്കാള്‍ ഒരു വയസിന് ഇളയതാണ് വിജയ്. അതുകൊണ്ട് ഇരുവരുടെയും കുടുംബങ്ങള്‍ ആദ്യം കൗമാര പ്രണയ ചാപല്യം എന്ന് പറഞ്ഞു ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഗൗരവരതമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അംഗീകരിക്കുകയും വിവാഹത്തിന് സമ്മതം മൂളുകയും ചെയ്തു.
സ്കൂള്‍ മുറ്റം വിവാഹ വേദിയാക്കണമെന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ആവശ്യം സ്കൂള്‍ അധികൃതരും അംഗീകരിച്ചതോടെ അപൂര്‍വസുന്ദരമായ മുഹൂര്‍ത്തത്തിന് മൈതാനം സാക്ഷിയായി. പൂര്‍ണമായും കോവിഡ്19 പ്രോട്ടോകോള്‍ അനുസരിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
പൂക്കളും ബലൂണുകളും കൊണ്ട് അലങ്കരിച്ച സ്കൂള്‍ മൈതാനത്ത് നിന്ന് വിജയ് രാധികയോട് പ്രണയാതുരനായി ആരാഞ്ഞു: എന്നെ വിവാഹം കഴിക്കാമോ? ഇത്തിരി നാണത്തോടെ പ്രിയതമ രാധിക സമ്മതം മൂളി. അതോടെ ഇരുവരും ജീവിതത്തിലും ഒന്നായി.
Discussion about this post