ബംഗളൂരു: ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് കണക്കില്‍പ്പെടാത്ത ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും. അഴിമതി ആരോപണം ഉയര്‍ന്ന കര്‍ണാടക അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥ ബി.സുധയുടെ അഞ്ച് വസതികളിലായി കഴിഞ്ഞ ദിവസമാണ് റെയ്ഡ് നടന്നത്.
കഴിഞ്ഞ ദിവസം രാവിലെയാണ് എസിബി അധികൃതര്‍ സുധയുടെ വീട്ടിലെത്തിയത്. അധികൃതരെ കണ്ടതിന് പിന്നാലെ വലിയ നാടകീയ സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. റെയ്ഡിന് വന്നവരെ കണ്ട നിമിഷം സുധ ബഹളം വയ്ക്കാന്‍ തുടങ്ങുകയും വാതില്‍ അകത്ത് നിന്ന് പൂട്ടുകയും ചെയ്തു.
വാതില്‍ തുറക്കാന്‍ ലോക്കല്‍ പോലീസിനെ കൊണ്ടുവരുമെന്നും അതോടെ എല്ലാവരും റെയ്ഡിനെക്കുറിച്ച് അറിയുമെന്നും എസിബി അധികൃതര്‍ മുന്നറിയിപ്പ് നല്കി. അതിനുശേഷം മാത്രമാണ് അവര്‍ ഉദ്യോഗസ്ഥരെ അകത്തേക്ക് അനുവദിച്ചത്.
ഐടി-ബിടി വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന സുധയ്ക്കെതിരെ 2020 ജൂണില്‍ അനധികൃത സ്വത്തുക്കള്‍ക്കും ക്രമക്കേടുകള്‍ക്കും കേസെടുത്തിട്ടുണ്ടെന്ന് എസിബി വ്യക്തമാക്കി. എഫ്ഐആറിനെ അടിസ്ഥാനമാക്കി ആറ് സ്ഥലങ്ങളില്‍ ഒരേസമയം റെയ്ഡുകള്‍ നടത്തി.
ബെംഗളൂരുവിലെ തിന്ദ്ലു, യെലഹങ്ക എന്നിവിടങ്ങളിലെ വീടുകള്‍, മൈസുരു, ഉഡുപ്പി എന്നിവിടങ്ങളിലെ അവളുടെ സുഹൃത്തിന്റെ വസതികള്‍, ലാല്‍ബാഗ് റോഡിലെ ശതിനഗറിലെ നിലവിലെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. അഞ്ച് മണിക്കൂറിലധികം റെയ്ഡ് നടന്നു.
റെയ്ഡില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണവും പത്തുലക്ഷം രൂപയും ഒരു ആഢംബര വാഹനവും എസിബി പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്ന് എത്ര രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തുവെന്ന കൃത്യമായ കണക്ക് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. ബാംഗ്ലൂര്‍ ഡെവലപ്മെന്റ് അതോറിറ്റിയിലെ മുന്‍ സ്പെഷല്‍ ലാന്‍ഡ് അക്വസിഷന്‍ ഉദ്യോഗസ്ഥയായിരുന്നു സുധ.
സുധയുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണ നാണയങ്ങളും കണ്ടെടുത്ത കാര്യം എസിബി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രോപ്പര്‍ട്ടി രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടങ്ങിയ രേഖകളും വിശദമായ അന്വേഷണത്തിനായി പിടിച്ചെടുത്തിട്ടുണ്ട്.
ഇതുവരെ കണ്ടെടുത്തവ മാത്രം നോക്കിയാല്‍ തന്നെ വരുമാനത്തില്‍ നിന്നും സമ്പാദിക്കാവുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.സുധയുടെ ഭര്‍ത്താവ് സ്ട്രോയിനി പെയ്സ് ഒരു കന്നഡ ചലച്ചിത്ര നിര്‍മ്മാതാവാണ്.
Discussion about this post