കൊല്‍ക്കത്ത: ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനുയായികള്‍ക്ക് നേരെ വധഭീഷണിയുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ദീദിയുടെ സഹോദരന്മാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ശീലം തിരുത്തിയില്ലെങ്കില്‍ നിങ്ങളുടെ കൈകളും കാലും വാരിയെല്ലുകളും ഒടിയുമെന്നും ശിരസ്സ് തകരുമെന്നുമാണ് ഹാല്‍ദിയയില്‍ ഒരു റാലിയില്‍ സംസാരിക്കവേ ദിലീപ് ഘോഷ് പറഞ്ഞത്.
‘ദീദിയുടെ സഹോദരന്മാര്‍ ഇനിയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ശീലം തിരുത്തിയില്ലെങ്കില്‍ നിങ്ങളുടെ കൈകളും കാലും വാരിയെല്ലുകളും ഒടിയും. ശിരസ്സ് തകരും. നിങ്ങള്‍ ആശുപത്രിയിലേക്ക് പോകേണ്ടിവരും. പ്രശ്നങ്ങള്‍ അവിടെയും നിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ശ്മശാനത്തിലേക്ക് പോകേണ്ടിവരും’ എന്നാണ് ഘോഷ് പറഞ്ഞത്. രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം കഴിഞ്ഞ് കേന്ദ്രമന്ത്രി അമിത് ഷാ മടങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ദിലീപ് ഘോഷിന്റെ പരാമര്‍ശം.
അതേസമയം ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നും സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ നിയമസഭാ തെരഞ്ഞെടുപ്പ് കേന്ദ്രസേന ഉറപ്പാക്കുമെന്നും ഘോഷ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ദീദിയുടെ പോലീസിന് കീഴിലല്ല മറിച്ച് ദാദയുടെ പോലീസാകും നടത്തുകയെന്നാണ് ഘോഷ് പറഞ്ഞത്. കാക്കി ധരിച്ച പോലീസിന് ബൂത്തിന് നൂറ് മീറ്റര്‍ അകലെ മാവിന്റെ ചുവട്ടിലിരുന്ന് ഖൈനി ചവച്ചുകൊണ്ട് വോട്ടെടുപ്പ് കാണേണ്ടിവരുമെന്നും ഘോഷ് പറഞ്ഞു.
അതേസമയം ഘോഷിന്റെ ഈ പരാമര്‍ശത്തെ അപലപിച്ച തൃണമൂല്‍ കോണ്‍ഗ്രസ്, ഘോഷ് സംസ്ഥാനത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ ദുര്‍ബലമാക്കുന്നുവെന്ന് ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ അവര്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും എംപിയുമായ സൗഗത റോയ് പറഞ്ഞു.
Discussion about this post