ചെന്നൈ: ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള് ഇയക്കം എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചതായും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ റജിസ്റ്റര്‍ ചെയ്തതായും കഴിഞ്ഞദിവസം നടന്‍ വിജയിയുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു. എന്നാല്‍ സംഘടന രൂപീകരിച്ച വാര്‍ത്ത വിജയ് നിഷേധിച്ചു.
പാര്‍ട്ടിയുടെ ട്രഷറര്‍ വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖറാണ്. ഇപ്പോഴിതാ വിജയിയുടെ രാഷ്ട്രീയ പ്രവേശത്തില്‍ അവ്യക്തതകള്‍ തുടരുന്നതിനിടെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ശോഭ. വിജയ് ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്നതിന് ഉത്തരം നല്‍കാന്‍ വിജയ്ക്ക് മാത്രമേ സാധിക്കൂ എന്ന് അമ്മ വ്യക്തമാക്കി.
ഒരു മാസം മുന്‍പ് എസ്.എ. ചന്ദ്രശേഖര്‍ വിജയ്യുടെ പേരില്‍ സംഘടന രൂപീകരിക്കുന്നെന്നു പറഞ്ഞാണ് രേഖകളില്‍ തന്റെ ഒപ്പ് ശേഖരിച്ചത്. എന്നാല്‍ അതു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനാണെന്ന് അറിഞ്ഞിരുന്നില്ല. ഒരാഴ്ച മുമ്പാണ് അത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനു വേണ്ടിയാണെന്ന് അറിഞ്ഞതെന്ന് ശോഭ വ്യക്തമാക്കി.
അപ്പോള്‍തന്നെ മകനറിയാതെ ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നും താന്‍ പങ്കാളിയാകില്ല എന്ന് അറിയിച്ചിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭിപ്രായങ്ങളൊന്നും പറയരുതെന്ന് വിജയ് അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് വകവയ്ക്കാതെയാണ് ചന്ദ്രശേഖര്‍ ഈയൊരു തീരുമാനമെടുത്തതെന്നും ശോഭ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഈ വിഷയം കാരണം വിജയ് അച്ഛനോട് സംസാരിക്കുന്നതു തന്നെ അവസാനിപ്പിച്ചിരുന്നെന്നും ശോഭ പറഞ്ഞു. മാത്രമല്ല വിജയ് ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്നതിന് ഉത്തരം നല്‍കാന്‍ വിജയ്ക്ക് മാത്രമേ സാധിക്കൂ എന്നും അമ്മ വ്യക്തമാക്കി.
Discussion about this post