ഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കാനും നികുതി കൃത്യമായി ശേഖരിക്കാനും സാധിച്ചെന്ന് മോഡി കൂട്ടിച്ചേര്‍ത്തു. നോട്ട് അസാധുവാക്കലിന്റെ നാലാം വാര്‍ഷികത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്.
നോട്ട് നിരോധനം രാജ്യപുരോഗതിക്ക് വഴിതെളിയിച്ചെന്നും മോഡി ട്വീറ്റ് ചെയ്തു. 2016 നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. നോട്ട് അസാധുവാക്കലിലൂടെ സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കാനും ഇതുവഴി രാജ്യത്തെ ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്താനും കഴിഞ്ഞതായി ബി.ജെ.പി. എം.പി. രാജീവ് ചന്ദ്രശേഖര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരിന് വലിയ വരുമാനവര്‍ധനയുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, നോട്ട് അസാധുവാക്കലില്‍ സമ്പദ്വ്യവസ്ഥ തകര്‍ന്നെന്നും പ്രധാനമന്ത്രിയുടെ ‘മുതലാളിത്ത സുഹൃത്തുക്കളെ’ സഹായിക്കുന്നതിനു വേണ്ടിമാത്രമായിരുന്നു അതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
”ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനകളില്‍ ഒന്നായിരുന്ന ഇന്ത്യയെ ബംഗ്‌ളാദേശ് എങ്ങനെ മറികടന്നു. കോവിഡാണ് ഇതിനു കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, കോവിഡ് ലോകത്ത് എല്ലായിടത്തുമുണ്ട്. സമ്പദ്വ്യവസ്ഥ തകരാന്‍ കാരണം നോട്ട് അസാധുവാക്കല്‍ മാത്രമാണ്”- അദ്ദേഹം പറഞ്ഞു.നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.