ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യത്തിലേക്ക് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് എത്തുമെന്ന് സൂചന. ചന്ദ്രബാബു നായിഡു ഡിസംബര്‍ 10ന് വിളിച്ചു ചേര്‍ത്തിട്ടുള്ള പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മോഡി പ്രവാഹത്തെ മറികടക്കാന്‍ പരിശ്രമിക്കുന്ന വിശാല സഖ്യത്തിന് ആഹ്ളാദം പകരുന്ന വാര്‍ത്തയാണ് ഡല്‍ഹിയില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. ബിജെപിക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചുള്ള വെല്ലുവിളി ഉയര്‍ത്താനായിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്ക്കുമ്പോള് കെജ്രിവാള് എത്തുന്നത് ആശാവഹമാണ്.
ബിജെപി വിരുദ്ധ നിലപാട് പുലര്‍ത്തുന്ന കെജ്രിവാള് പക്ഷെ കോണ്‍ഗ്രസിനെ ഇതുവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. വിശാല സഖ്യത്തിന് പ്രയത്നിക്കുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നാളെ വിളിച്ച് ചേര്‍ത്ത യോഗത്തിന് ശേഷമേ വിഷയത്തില്‍ വ്യക്തത വരികയുള്ളൂ.
എന്‍ഡിഎ പാളയത്തില്‍ നിന്ന് പടിയിറങ്ങിയ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇപ്പോള്‍ വിശാല സഖ്യം യാഥാര്‍ത്ഥ്യത്തിലെത്തിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കുന്നത്. കോണ്‍ഗ്രസിന്റെ തന്ത്രങ്ങളാണ് നായിഡു യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത്.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വ്യക്തി പ്രഭാവത്തില്‍ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ആത്മവിശ്വാസത്തോടെയുള്ള നീക്കങ്ങളാണ് ബിജെപി ക്യാംപില്‍ നിന്ന് പുറത്തവരുന്നത്.
Discussion about this post