ന്യൂഡല്‍ഹി: മുഖ്യ വിവരാവകാശ കമ്മീഷണറായി യശ്വര്‍ധന്‍ കുമാര്‍ സിന്‍ഹ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ എത്തിയാണ് യശ്വര്‍ധന്‍ സിന്‍ഹ ചുമതലയേറ്റെടുത്തത്. വിവരാവകാശ കമ്മീഷണറായി നിയമിക്കപ്പെട്ട മുതിര്‍ന്ന നയതന്ത്രജ്ഞനായ സിന്‍ഹക്ക് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന കാലയളവാണുള്ളത്.
യശ്വര്‍ധന്‍ കുമാര്‍ സിന്‍ഹയെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കുന്നതില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. മുഖ്യ വിവരാവകാശ കമ്മീഷണറെ തെരഞ്ഞെടുത്തതില്‍ സുതാര്യതയില്ലെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. അര്‍ഹരുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരസ്യമാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശങ്ങള്‍ സെലക്ട് കമ്മിറ്റി പാലിച്ചില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ള സുതാര്യമായ വ്യവസ്ഥകള്‍ നിയമനത്തില്‍ പാലിച്ചിട്ടില്ല. ആഭ്യന്തര സേവനമേഖലകളില്‍ താഴെത്തട്ടിലുള്ള പ്രായോഗികാനുഭവവും നിയമം, ശാസ്ത്രം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ അറിവുമുള്ള ആളായിരിക്കണം സിഐസി. എന്നാല്‍ സിന്‍ഹയ്ക്ക് ഈ യോഗ്യതകളില്ല. നിലവിലെ വിവരാവകാശ കമ്മിഷണര്‍ വനജ എന്‍. സര്‍ണയാണ് സിന്‍ഹയെക്കാള്‍ സീനിയറെന്നും ആയിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. ബിമല്‍ ജുല്‍ക കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം ഓഫീസ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ആഗസ്റ്റ് 26നാണ് ബിമല്‍ ജുല്കയുടെ കാലാവധി അവസാനിച്ചത്.
Discussion about this post