ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് 1.09 കോടി രൂപ തട്ടിയെടുത്തതായി ഡൽഹി പോലീസ്. ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ വെബ്‌സൈറ്റ് ഉണ്ടാക്കിയാണ് 27000 ത്തോളം ആളുകളെ കബളിപ്പിച്ചത്. ഈ വെബ്‌സൈറ്റിലൂടെ ഒരു മാസത്തിനിടെ രജിസ്‌ട്രേഷൻ ഫീസെന്ന പേരിൽ തട്ടിയെടുത്തത് 1.09 കോടി രൂപ. ഡൽഹി പോലീസ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ തൊഴിൽ തട്ടിപ്പാണിതെന്ന് അധികൃതർ അറിയിച്ചു.
500 രൂപ രജിസ്‌ട്രേഷൻ ഫീസായി അടച്ച ഒരു തൊഴിൽ അന്വേഷകൻ തുടർ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം പോലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെടുന്നത്. 100 മുതൽ 500 രൂപവരെയാണ് സംഘം രജിസ്‌ട്രേഷൻ ഫീസായി വാങ്ങിയിരുന്നത്. വലിയ തുകയല്ലാത്തതിനാൽ ആളുകൾ പോലീസിനെ സമീപിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു തട്ടിപ്പുകാർ.
ഹരിയാണയിലെ ഹിസാർ ജില്ലയിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് ആളുകൾ രജിസ്‌ട്രേഷൻ ഫീസായി നൽകുന്ന തുക എത്തിയിരുന്നത്. ഓരോ ദിവസവും പണം പിൻവലിക്കുന്നതായിരുന്നു തട്ടിപ്പുകാരുടെ രീതി.
അതേസമയം, അന്വേഷണം തുടരുന്ന ഡൽഹി പോലീസ് ഇതുവരെ അഞ്ചു പേരെ പിടികൂടിയിട്ടുണ്ട്. സർക്കാർ-സ്വകാര്യ ഏജൻസികൾക്കായി ഓൺലൈൻ റിക്രൂട്ട്‌മെന്റ് പരീക്ഷകൾ നടത്തുന്ന ഒരു കേന്ദ്രം വഴിയാണ് തട്ടിപ്പ് നടന്നത്. ഈ സ്ഥാപനം നിയമം വഴിയാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ തന്നെ, ഇതിലൂടെ നിരവധി ഉദ്യോഗാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ലഭിച്ചു. ഇവ ഉപയോഗിച്ചാണ് പിന്നീട് സംഘം തട്ടിപ്പ് നടത്തിയത്.
അക്കൗണ്ടന്റുമാർ, ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ, നഴ്‌സ്, ആംബുലൻസ് ഡ്രൈവർ തുടങ്ങിയ തസ്തികളിലേക്ക് 13,000 ത്തോളം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നെന്ന് കാണിച്ചാണ് വ്യാജ വെബ്‌സൈറ്റുകളിലൂടെ രജിസ്‌ട്രേഷൻ ഫീസ് സ്വരൂപിച്ചത്. ഈ രണ്ട് തൊഴിൽ സൈറ്റുകളുടെ ലിങ്കുകൾ ചേർത്ത് 15 ലക്ഷത്തോളം പേർക്ക് സംഘം എസ്എംഎസുകൾ അയച്ചിരുന്നതായും ഡൽഹി പോലീസ് പറഞ്ഞു. യഥാർത്ഥമാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു വ്യാജ വെബ്‌സൈറ്റുകളുടെ രൂപകൽപനയെന്ന് ഡൽഹി സൈബർ സെൽ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.